ടി ട്വന്റി ലോക കപ്പ്: ഇന്ത്യ ഇന്ന് നമീബിയക്കെതിരെ, സഞ്ജു കളിച്ചേക്കും

ട്വന്റി ട്വന്റി ലോക കപ്പില്‍ ഇന്ത്യ ഇന്ന് നമീബയെ നേരിടും. ഡല്‍ഹിയില്‍ വൈകീട്ട് ഏഴിനാണ് മത്സരം. വയറിന് അസുഖം ബാധിച്ച അഭിഷേക് ശര്‍മ്മയുടെ അഭാവത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണിങ്ങില്‍ ക്രീസിലെത്തിയേക്കുമെന്ന വിവരമുണ്ട്. മറ്റു മത്സരങ്ങളില്‍ ശ്രീലങ്ക ഒമാനെ നേരിടുകയാണ്.

ഉച്ചത്തിരിഞ്ഞ് മൂന്നിന് ഇറ്റലി-നേപ്പാള്‍ മത്സരവും നടക്കുന്നുണ്ട്. ഇഷാന്‍ കിഷനുമായി ഓപ്പണിങ്ങില്‍ സഞ്ജു സാംസണ്‍ എത്തുമോ എന്നതാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. അസുഖബാധിതനായി ആശുപത്രിയില്‍ ചികിത്സ തേടിയ അഭിഷേക് ശര്‍മ്മ നിലവില്‍ ടീമിലേക്ക് എത്താനുള്ള സാധ്യത അടഞ്ഞതാണ്. അഭിഷേകിന് പകരമായി സഞ്ജു സംസണ്‍ വരുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

ലോക കപ്പിന് തൊട്ടുമുമ്പ് ന്യൂസിലാന്‍ഡുമായുള്ള ഇന്ത്യയുടെ ട്വന്റി ട്വന്റി പരമ്പരയില്‍ സഞ്ജു നിറം മങ്ങിയ പ്രകടനമായിരുന്നു. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ നില മെച്ചപ്പെടുത്താനായിരിക്കും മലയാളി താരം ശ്രമിക്കുക. അമേരിക്കക്കെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മാത്രമാണ് മികച്ച കളി പുറത്തെടുത്തത്. നമീബിയയെ കൂടാതെ ഇന്ത്യ ഇനി കളിക്കേണ്ടത് പാകിസ്താനുമായാണ്.

അതിനാല്‍ തന്നെ ഇന്നത്തെ മത്സരത്തില്‍ റണ്‍മല തീര്‍ത്ത് തീര്‍ത്തും ആധികാരിക വിജയം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ബാറ്റിങ് നിര. ബുംറയുടെ പരിക്ക് ഭേദമായി ടീമിനൊപ്പം ചേര്‍ന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷക്ക് വക നല്‍കുന്ന മറ്റൊരു കാര്യം. എന്നാല്‍ ബുംറ തിരികെ എത്തുന്നതോടെ മുഹമ്മദ് സിറാജോ അര്‍ഷദീപ് സിംഗോ പുറത്തിരിക്കേണ്ടി വരും.

ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നാട്ടിലെ അരുണ്‍ ജയ്റ്റലി സ്റ്റേഡിയത്തില്‍ ഇന്ത്യ തിളങ്ങുന്ന വിജയമാണ് പ്രതീക്ഷിക്കുന്നത്. താരതമ്യത്തില്‍ എടുത്തുപറയാന്‍ പ്രത്യേകിച്ച് ഒന്നുമില്ലാത്ത നമീബിയക്ക് എതിരെ ടീം ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2021-ല്‍ ആണ് ഇന്ത്യയും നമീബിയയും അവസാനമായി ടി20 ലോക കപ്പില്‍ അവസാനമായി ഏറ്റുമുട്ടിയത്. 9 വിക്കറ്റിന്റെ വിജയമായിരുന്നു അന്ന് ഇന്ത്യ സ്വന്തമാക്കിയത്. ഏതായാലും ആരാധകര്‍ ആകാംഷയിലാണ്. സഞ്ജു ക്രീസിലുണ്ടാകുമോ? ഇനി ഉണ്ടായാല്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമോ എന്നതൊക്കെയാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചകള്‍.

Be the first to comment

Leave a Reply

Your email address will not be published.


*