ഹൈദരാബാദ്: ജൂനിയർ വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് ആവേശജയം. ചിലിയിലെ സാന്‍റിയാഗോയില്‍ നടന്ന മത്സരത്തില്‍ ഉറുഗ്വേയെ 3-1 ന് ഇന്ത്യ ഷൂട്ടൗട്ടിൽ വീഴ്‌ത്തുകയായിരുന്നു. നിശ്ചിത സമയം 1-1നു സമനിലയിൽ പിരിഞ്ഞതിന് ശേഷമാണ് കളി ഷൂട്ടൗട്ടിലേക്ക് തിരിഞ്ഞത്. മനീഷ (19) ഇന്ത്യയ്‌ക്കായി ഗോൾ സ്‌കോര്‍ ചെയ്‌തപ്പോള്‍ ജസ്റ്റിന അറെഗുയി (60) ഉറുഗ്വേയ്‌ക്കായി സമനില ഗോൾ നേടി.
ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ കളിയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. തുടക്കത്തിൽ തന്നെ ഗോൾ നേടാൻ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. എന്നാല്‍ അഞ്ചാം മിനിറ്റിൽ ആദ്യ പെനാൽറ്റി കോർണർ നേടിയത് ഉറുഗ്വേയായിരുന്നു. പക്ഷേ അവർ കിട്ടിയ അവസരം പാഴാക്കി. പിന്നാലെ പതിനെട്ടാം മിനിറ്റിൽ ഇന്ത്യയ്ക്ക് ഒരു പെനാൽറ്റി കോർണറും ലഭിച്ചു. നിയർ പോസ്റ്റിൽ സാക്ഷി റാണയ്ക്ക് പന്ത് പാസ് ചെയ്‌തു. എന്നാല്‍ ഉറുഗ്വേ ഗോൾകീപ്പർ താരത്തിന്‍റെ ഷോട്ട് തടഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ, മനീഷ (19′) ദൂരെ നിന്ന് എടുത്ത ശക്തമായ ഷോട്ടിലൂടെ ഇന്ത്യ വലകുലുക്കി ലീഡ് സ്വന്തമാക്കി.
ആദ്യ പകുതിയിൽ തന്നെ ഇന്ത്യ 11 സർക്കിൾ പെനട്രേഷൻ നേടി, കളിയിൽ ആധിപത്യം സ്ഥാപിച്ചപ്പോൾ ഉറുഗ്വേ വളരെ പ്രതിരോധാത്മകമായ തന്ത്രമാണ് പുറത്തെടുത്തത്. മൂന്നാം ക്വാർട്ടറിലും ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഉറുഗ്വേ സ്വന്തം ഹാഫിൽ നിന്ന് കളിക്കാൻ നിർബന്ധിതരായി. എന്നാല്‍ എല്ലാ പൊസഷനും സർക്കിളും നേടിയിട്ടും ഇന്ത്യയ്ക്ക് മറ്റൊരു ഗോൾ കണ്ടെത്താനായില്ല. മൂന്നാം ക്വാർട്ടറിന്‍റെ മധ്യത്തിൽ തുടർച്ചയായി രണ്ട് പെനാൽറ്റി കോർണറുകൾ നേടിയെങ്കിലും ഗോള്‍ നേട്ടം ഇരട്ടിയാക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല.
അവസാന ക്വാർട്ടറിൽ ഉറുഗ്വേ കൂടുതൽ സ്വതന്ത്രമായി കളിച്ചതോടെ മത്സരം ഉണര്‍ന്നു. 49-ാം മിനിറ്റിൽ അവർക്ക് രണ്ടാമത്തെ പെനാൽറ്റി കോർണർ ലഭിച്ചു, പക്ഷേ ഇന്ത്യയുടെ ഗോൾകീപ്പർ നിധി അവിശ്വസനീയമായ ഒരു സേവ് നടത്തി ലീഡ് നിലനിർത്തി. ക്ലോക്കിൽ രണ്ട് മിനിറ്റ് ശേഷിക്കെ, ഉറുഗ്വേ സമനില ഗോൾ നേടി. ജസ്റ്റീന അറെഗുയിലൂടെ (60′) കളി ഷൂട്ടൗട്ടിലേക്ക് മുന്നേറി.
പൂർണിമ യാദവ്, ഇഷിക, കനിക സിവാച്ച് എന്നിവരുടെ ടേക്കുകളിൽ നിന്ന് ഇന്ത്യ ഗോൾ നേടിയതോടെ ഇന്ത്യ ഷൂട്ടൗട്ടിൽ 3-1 ന് വിജയിച്ചു. 2025 ലെ എഫ്‌ഐഎച്ച് ഹോക്കി ജൂനിയർ വനിതാ ലോകകപ്പിന്‍റെ അടുത്ത മത്സരത്തിൽ ഇന്ത്യ വ്യാഴാഴ്‌ച സ്‌പെയിനിനെ നേരിടും.



Be the first to comment