ന്യൂഡല്‍ഹി : ആഗോള സാമ്പത്തിക ഭൂപടത്തില്‍ വമ്പൻ കുതിച്ച് ചാട്ടം നടത്തി ഇന്ത്യ. ജപ്പാനെയും മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാരിന്‍റെ വർഷാന്ത്യ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഇന്ത്യയുടെ നാമമാത്ര ജിഡിപി നിലവില്‍ 4.18 ട്രില്യൺ ഡോളറാണ്. ഇത് ജപ്പാനെക്കാൾ മുന്നിലാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളില്‍ ജർമനിയെ പിന്നിലാക്കാനും ഇന്ത്യയ്‌ക്ക് സാധിക്കുമെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര നാണയ നിധിയുടെ പ്രവചനങ്ങൾ പ്രകാരം 2026 ൽ ഇന്ത്യയുടെ ജിഡിപി 4.51 ട്രില്യൺ ഡോളറായി വർധിക്കും. പിന്നാലെ ഇന്ത്യ ജർമനിയേയും മറികടക്കും. ഇതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥ ആയിമാറും.
സ്വകാര്യ ഉപഭോഗം വർധിച്ചത് ആഗോള വ്യാപാര അനിശ്ചിതത്തത്തിലും ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായെന്ന് വിദഗ്‌ധർ പറയുന്നു. 2026ല്‍ 6.5 ശതമാനം വളർച്ച ഉണ്ടാകുമെന്ന് ലോകബാങ്കും പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, മൂഡീസ് ഇന്ത്യയുടെ പ്രവചനം മറ്റൊന്നാണ്. 2026ല്‍ 6.4 ശതമാനം, 2027ല്‍ 6.5 ശതമാനം എന്നിങ്ങനെയാണ് മൂഡീസ് ഇന്ത്യ പ്രവചിക്കുന്നത്.
പണപ്പെരുപ്പം കുത്തനെ കുറഞ്ഞു, റിപ്പോ നിരക്ക് 5.25% ആയി കുറച്ചു, കറന്‍റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 1.3% ആയി കുറഞ്ഞു, ശക്തമായ സേവന കയറ്റുമതിയും സ്ഥിരമായ പണമടയ്ക്കലും ഒക്കെ ഈ നേട്ടത്തിന് വഴിയൊരുക്കി. മികച്ച വളർച്ചാ നിരക്കാണ് ഇന്ത്യയെ ലോക രാജ്യങ്ങള്‍ക്കിടയില്‍ അതിവേഗം വളരുന്ന ഒരു സമ്പദ്‌വ്യവസ്ഥ ആയി മാറ്റിയത്.

കഴിഞ്ഞ പത്തു വർഷം: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടായ വളർച്ച
- 2015ല്‍ 2.1 ലക്ഷം കോടി ഡോളർ ആയിരുന്നു ഇന്ത്യയുടെ ജിഡിപി.
- 2019ല്‍ അത് 2.8 ലക്ഷം കോടി ഡോളറിലെത്തി.
- 2020 കൊവിഡ് മഹാമാരി സമ്പദ്‌വ്യവസ്ഥയെ തെല്ലൊന്നുമല്ല ഉലച്ചത്. ജിഡിപി 2.6 ലക്ഷം കോടി ഡോളറായി താഴ്‌ന്നു.
- 2021ല്‍ വീണ്ടും വളർച്ചയിലേക്ക് രാജ്യമെത്തി. 3.1 ലക്ഷം കോടി ഡോളറാണ് അക്കാലത്ത് ജിഡിപി നിരക്ക്.
- 2024 ആയപ്പോഴേക്ക് 3.9 ലക്ഷം കോടി ഡോളർ ആയിരുന്നു ജിഡിപി.
- 2025ല്‍ വമ്പൻ കുതിച്ച് ചാട്ടം നടത്തിയാണ് ജിഡിപി 4.18 ട്രില്യണ്‍ അടിച്ചത്.
2028ല്‍ ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളർ എന്ന സ്വപ്‌ന സംഖ്യയിലേക്ക് എത്തുമെന്നാണ് റിപ്പോട്ട്. 2030ഓടെ രാജ്യത്തിന്‍റെ ജിഡിപി 7.3 ലക്ഷം കോടി ഡോളറില്‍ എന്നുമെന്നും റിപ്പോർട്ടുണ്ട്.



Be the first to comment