ന്യൂഡൽഹി: ശത്രു ഡ്രോണുകളെ കണ്ടെത്താനും അവ നിർവീര്യമാക്കാനുമുള്ള പുത്തൻ സംവിധാനം തങ്ങളുടെ ഭാഗമാക്കാൻ ഒരുങ്ങി ഇന്ത്യൻ സായുധ സേനകൾ. ഇന്ത്യൻ കരസേനയും വ്യോമസേനയും പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് എന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇൻ്റഗ്രേറ്റഡ് ഡ്രോൺ ഡിറ്റക്ഷൻ ആൻഡ് ഇൻ്റർഡിക്ഷൻ സിസ്റ്റം (മാർക്ക് 2). ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ) യുടെ മാർക്ക് 2വിനായി പ്രതിരോധ മന്ത്രാലയം അനുമതി നൽകുമെന്നാണ് പ്രതീക്ഷ.
16 തദ്ദേശീയ ഡ്രോണുകള്‍ സ്വന്തമാക്കാനാണ് ഇന്ത്യൻ സേനയുടെ നീക്കം. ശത്രു ഡ്രോണുകളെ ലേസർ ബീമുകൾ ഉപയോഗിച്ച് 2 കിലോമീറ്റർ അകലെ വരെ ആക്രമിക്കാൻ മാർക്ക് 2ന് ശേഷിയുണ്ട്. 2 കിലോമീറ്റർ ദൂരെ വരെയുള്ള ആളില്ലാ ഹെലിക്കോപ്‌ടർ, ഡ്രോണുകള്‍ എന്നിവയെ ആക്രമിക്കാനും ഉടൻ തന്നെ പ്രവർത്തനരഹിതമാക്കാനും ശേഷിയുള്ളതാണ് ഈ ലേസർ സംവിധാനം.
10 കിലോവാട്ട് ലേസർ ബീം ഉപയോഗിച്ച് ഡ്രോണുകളെ നേരിടാൻ കഴിയുന്ന ദൂരം 2 കിലോമീറ്ററിൽ നിന്ന് ഇരട്ടിയാക്കുമെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിലുള്ള സംവിധാനത്തിന് ഏകദേശം 1 കിലോമീറ്ററിനുള്ളില്‍ മാത്രമെ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. ഡിആർഡിഒ ദീർഘദൂര ലേസർ അധിഷ്‌ഠിത സംവിധാനങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
5 കിലോമീറ്റർ ദൂര പരിധിയിയില്‍ ശത്രുവിനെ പ്രതിരോധിക്കാൻ കഴിയുന്നതും നേരിട്ടുള്ള പ്രതിരോധ സംവിധാനവും (direct energy weapon system) ഡിആർഡിഒ വിജയകരമായി പരീക്ഷിച്ചു. കൂടാതെ ഇന്ത്യൻ പ്രതിരോധ സേനയുടെ പങ്കാളിത്തത്തോടെ മറ്റ് പരീക്ഷണങ്ങൾ നടത്തിവരികയാണ്. 30 കിലോവാട്ട് ലേസർ അധിഷ്‌ഠിത സംവിധാനത്തിന് 5 കിലോമീറ്റർ പരിധിയില്‍ പ്രവർത്തിക്കാനാകും.
ഈ സംവിധാനം ഉപയോഗിച്ച് ഫിക്‌സഡ്-വിങ് വിമാനങ്ങൾ, മിസൈലുകൾ, സ്വാം ഡ്രോണുകൾ എന്നിവ വെടിവച്ചു വീഴ്ത്താനുള്ള കഴിവ് ഇന്ത്യ ഈ ഏപ്രിലിൽ ആദ്യമായി പ്രദർശിപ്പിച്ചിരുന്നു. പരീക്ഷണ വിജയത്തിനു ശേഷമാണ് പ്രദർശനം നടത്തിയത്. ഈ പ്രദർശനത്തിന് ശേഷം യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടി.
ആന്ധ്രാപ്രദേശിലെ കർണൂലിൽ ഉള്ള ഡിആർഡിഒയുടെ ലാബായ സെൻ്റർ ഫോർ ഹൈ എനർജി സിസ്റ്റംസ് ആൻഡ് സയൻസസില്‍ (Centre for High Energy Systems & Sciences CHESS) ഈ ലേസർ സംവിധാനം വാഹനത്തിൽ ഘടിപ്പിച്ച് പരീക്ഷണം നടത്തിയിരുന്നു. ഇത് വിജയകരമായി പൂർത്തീകരിക്കാനും സാധിച്ചു.
ഫിക്‌സഡ്- വിങ് അൺമാൻഡ് ഏരിയൽ വെഹിക്കിൾ, സ്വാം ഡ്രോണുകൾ എന്നിവയെ കാര്യക്ഷമമായി നശിപ്പിക്കാൻ ലേസർ സംവിധാനത്തിനായി. ഡ്രോണുകളിൽ ഘടനാപരമായ കേടുപാടുകൾ വരുത്തുകയും നിരീക്ഷണ സെൻസറുകൾ പ്രവർത്തനരഹിതമാക്കുകയും ചെയ്‌തു. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ധാരാളം ഡ്രോണുകൾ ഉപയോഗിച്ചെങ്കിലും അവയെ പരാജയപ്പെടുത്താൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു.
രാജ്യത്തിനകത്തും പുറത്തുമുള്ള സമീപകാല യുദ്ധങ്ങളിൽ ഡ്രോണുകൾ വളരെ പ്രധാന്യമർഹിക്കുന്നു. ശത്രു സൈന്യത്തെ നേരിടാൻ ഇന്ത്യക്കും ഡ്രോണുകൾ വലിയ തോതിൽ ആവശ്യമാണ്. ഉയർന്ന ഊർജമുള്ള മൈക്രോവേവ്, ഇലക്ട്രോമാഗ്നറ്റിക് പൾസുകൾ, ഉയർന്ന പ്രതിരോധ ശേഷിയുള്ള നിരവധി സാങ്കേതികവിദ്യകൾ ഉൾപ്പെടെ വിവിധ പ്രൊജക്‌ടുകളില്‍ സേനകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഡിആർഡിഒ മേധാവി ഡോ സമീർ വി കാമത്ത് പറഞ്ഞു.



Be the first to comment