ജൂനിയർ ഹോക്കി ലോകകപ്പ്: സ്വിറ്റ്സർലൻഡിനെ വീഴ്‌ത്തി, തോല്‍വിയറിയാതെ ഇന്ത്യ ക്വാർട്ടർ ഫൈനലിലേക്ക്

എഫ്‌ഐഎച്ച് ഹോക്കി ജൂനിയർ ലോകകപ്പില്‍ ഇന്ത്യ ക്വാർട്ടർ ഫൈനലില്‍ കടന്നു. മധുരെ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന അവസാന പൂൾ ബി മത്സരത്തിൽ സ്വിറ്റ്‌സർലൻഡിനെ 5-0 ന് പരാജയപ്പെടുത്തി. മലയാളിയായ പി ആർ ശ്രീജേഷ്‌ പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീമിന്‍റെ തുടർച്ചയായ മൂന്നാം ജയമാണിത്. മത്സരത്തില്‍ മൻമീത് സിംഗ് (2, 11), ശാരദ നന്ദ് തിവാരി (13, 54) എന്നിവർ രണ്ട് ഗോൾ വീതം നേടിയപ്പോൾ, അർഷീപ് സിംഗ് (28) ഇന്ത്യയുടെ മറ്റൊരു ഗോൾ നേടി.

സ്വിറ്റ്‌സർലൻഡിനെതിരായ ജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്‍റുമായി പൂൾ ബിയിൽ ഇന്ത്യ ഒന്നാമതെത്തി. ആദ്യ രണ്ട് മത്സരങ്ങളിൽ ചിലിയെ 7-0 നും ഒമാനെ 17-0 നും തോൽപ്പിച്ച ഇന്ത്യന്‍ പട ടൂർണമെന്‍റില്‍ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല.

കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ മൻമീത് സിങ്ങിലൂടെയാണ് ഇന്ത്യ ഗോൾവേട്ട ആരംഭിച്ചത്. 11-ാം മിനിറ്റിൽ മറ്റൊരു ഉജ്ജ്വല ഫീൽഡ് ഗോളിലൂടെ താരം ലീഡ് ഇരട്ടിയാക്കി. 13-ാം മിനിറ്റിൽ ശാരദ നന്ദ് തിവാരി പെനാൽറ്റി കോർണറിലൂടെ വലുകുലുക്കിയപ്പോള്‍ ആതിഥേയര്‍ 3-0ന് മുന്നിലെത്തി. ഒമാനെതിരെ കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് നേടിയ അർഷ്ദീപ് സിംഗ്, 28-ാം മിനിറ്റിൽ ഇന്ത്യൻ ഹോക്കി ടീമിന്‍റെ നാലാം ഗോൾ നേടി. അതേസമയം, ഗോൾകീപ്പർ പ്രിൻസ് ദീപ് സിംഗ് ചില മികച്ച സേവുകൾ നടത്തിയിരുന്നു.

ഇന്ത്യയുടെ പ്രകടനം ക്ലിനിക്കൽ ആയിരുന്നു, നാലാം പാദത്തിലും ടീം അതേ വേഗത നിലനിർത്തി. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശാരദ നന്ദ് 54-ാം മിനിറ്റിൽ തന്‍റെ രണ്ടാമത്തെ ഗോളും ഇന്ത്യയുടെ അഞ്ചാമത്തെ ഗോളും സ്വന്തമാക്കി. വെള്ളിയാഴ്‌ച ചെന്നൈയിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ജൂനിയർ ഹോക്കി ടീം ബെൽജിയത്തെ നേരിടും. ഇന്ത്യ രണ്ടുതവണ ജൂനിയർ ഹോക്കി ലോകകപ്പ് നേടിയിട്ടുണ്ട്. അവസാന വിജയം 2016 ൽ ആയിരുന്നു.

ലോകകപ്പിലെ മറ്റു മത്സരങ്ങളിൽ ഓസ്ട്രേലിയ 3-1 ന് കൊറിയയെ പരാജയപ്പെടുത്തി. ഇംഗ്ലണ്ട് അതേ മാർജിനിൽ മലേഷ്യയെ വീഴ്‌ത്തി. ഫ്രാൻസ് ബംഗ്ലാദേശിനെ 3-2 ന് തോല്‍പ്പിച്ചപ്പോള്‍ നെതർലൻഡ്‌സ് ഓസ്ട്രിയയെ 11-0 ന് തകര്‍ത്തു. ചിലി ഒമാനെ 2-0 നും, ബെൽജിയം ഈജിപ്‌തിനെ 10-0 നും പരാജയപ്പെടുത്തി. സ്പെയിൻ നമീബിയയെ ഏകപക്ഷീയമായ 13 ഗോളിനു തോല്‍പ്പിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*