ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 140 വയസ്സ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്കാണ് കോൺഗ്രസ് വഹിച്ചത്. ഏറെക്കാലം രാജ്യത്ത് അധികാരത്തിൽ ഇരുന്നെങ്കിലും നിലവിൽ പ്രതിപക്ഷത്തായ കോൺഗ്രസ്, ജനകീയ മുന്നേറ്റങ്ങളിലൂടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.
1885 ഡിസംബർ 28. വിരമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ അലൻ ഒക്ടാവിയൻ ഹ്യൂമിന്റെ നേതൃത്വത്തിൽ മുംബയിലെ ഗോകുൽദാസ് തേജ്പാൽ സംസ്‌കൃത കോളെജിൽ 72 പ്രതിനിധികൾ ഒരു യോഗം ചേർന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന സംഘടനയ്ക്ക് രൂപം നൽകിയത്. അഭ്യസ്തവിദ്യരായ ഇന്ത്യക്കാർക്ക് അവരുടെ രാഷ്ട്രീയ പരാതികൾ ചർച്ച ചെയ്യാനും പരിഹരിക്കാനും കഴിയുന്ന ഒരു വേദി ആയിരുന്നു സംഘടനയുടെ ലക്ഷ്യം. ഡബ്ല്യു.സി. ബാനർജി ആയിരുന്നു ആദ്യ അധ്യക്ഷൻ. ബാലഗംഗാധര തിലക്, ബിപിൻ ചന്ദ്ര പാൽ, ലാലാ ലജ്പത് റായ് എന്നിവരുടെ കീഴിൽ സ്വരാജ് അഥവാ സ്വയംഭരണമെന്ന ആവശ്യത്തിലേക്ക് കോൺഗ്രസ് നീങ്ങി.
1925ൽ ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങിയെത്തിയ മഹാത്മാഗാന്ധി പ്രസ്ഥാനത്തിന്റെ അമരത്തെത്തിയതോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുഖമായി മാറി. അഹിംസയിലൂന്നിയ പോരാട്ടങ്ങളിലൂടെ ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് നയിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു. ആധുനിക ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങൾ, സാമ്പത്തിക നയങ്ങൾ, വിദേശബന്ധങ്ങൾ എന്നിവ രൂപപ്പെടുത്തുന്നതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിർണായക പങ്കാണ് വഹിച്ചത്.
നെഹ്റുവിയൻ സോഷ്യലിസത്തിലൂടെയും വികസന കാഴ്ചപ്പാടുകളിലൂടെയും സ്വതന്ത്ര ഇന്ത്യയെ പടുത്തുയർത്തുന്നതിൽ കോൺഗ്രസ് വഹിച്ച പങ്ക് നിർണായകമാണ്. കോൺഗ്രസ് പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, പി.വി. നരസിംഹ റാവു, മൻമോഹൻ സിംഗ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്ത്യ സാമ്പത്തികമായും ശാസ്ത്രീയമായും വൻശക്തിയായി വളർന്നു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ദശകങ്ങളിൽ, ഏതൊരു രാഷ്ട്രീയ പാർട്ടിയിലും സംഭവിക്കുന്നതുപോലെ അഴിമതിയും കാര്യക്ഷമതയില്ലായ്മയും പാർട്ടിയെ ഗ്രസിച്ചു. ആഭ്യന്തര തർക്കങ്ങളും തിരഞ്ഞെടുപ്പ് തിരിച്ചടികളും വെല്ലുവിളികളുയർത്തി. എന്നിരുന്നാലും ഭാരതത്തിന്റെ ചരിത്രം കോൺഗ്രസിന്റെ ചരിത്രവും കോൺഗ്രസിന്റ ചരിത്രം ഭാരതത്തിന്റെ അതിജീവനത്തിന്റെ ചരിത്രവുമായി തന്നെ എക്കാലവും നിലകൊള്ളുമെന്നുറപ്പാണ്.



Be the first to comment