
ജയിലില്‍ നിന്നും കഴിഞ്ഞയാഴ്ച വാട്സ് ആപ്പ് ടെക്സ്റ്റിലൂടെയും വോയ്സ് മെസ്സേജിലൂടെയുമാണ് നിമിഷ പ്രിയ വധശിക്ഷയുടെ കാര്യം അറിയിച്ചതെന്ന് ടോമി തോമസ് പറഞ്ഞത്. ജയില്‍ ചെയര്‍മാനാണ് വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനവും തീയതിയും അറിയിച്ചതെന്ന് നിമിഷപ്രിയ അറിയിച്ചതായും ടോമി തോമസ് വ്യക്തമാക്കി.
ശിക്ഷ നടപ്പാക്കുന്ന തീയതിയെക്കുറിച്ച് പറഞ്ഞ നിമിഷപ്രിയ വളരെ അസ്വസ്ഥയായിരുന്നു. മോചനത്തിനായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് സന്ദേശങ്ങളിലൂടെ താന്‍ ആശ്വസിപ്പിച്ചുവെന്ന് ടോമി തോമസ് കൂട്ടിച്ചേര്‍ത്തു. പാലക്കാട് സ്വദേശിയാണ് നിമിഷ പ്രിയ. നിമിഷപ്രിയയെ മോചിപ്പിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ടോമി തോമസ് കഴിഞ്ഞദിവസം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടിരുന്നു. ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്കൊപ്പമാണ് ടോമി തോമസ് ഗവര്‍ണറെ കണ്ടത്.
ഗവര്‍ണര്‍ തന്റെ മുന്നില്‍ വെച്ചു തന്നെ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടുവെന്നും, തന്നാല്‍ കഴിയാവുന്ന എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പു നല്‍കിയെന്നും ടോമി തോമസ് പറഞ്ഞു. യെമനിലുള്ള നിമിഷപ്രിയയുടെ അമ്മയുമായും ഗവര്‍ണര്‍ ഫോണിലൂടെ സംസാരിച്ചു. ഗവര്‍ണര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ പ്രേമകുമാരി, മകളുടെ ജീവന് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. പ്രേമകുമാരിയെ ആശ്വസിപ്പിച്ച ഗവര്‍ണര്‍, എല്ലാ വഴിക്കും ശ്രമിക്കുന്നുണ്ടെന്നും പല തട്ടിലുള്ളവരുമായി ആശയവിനിമയം നടത്തി വരികയാണെന്നും അറിയിച്ചു.
അതേസമയം വധശിക്ഷ തീയതി തീരുമാനിച്ചത് സംബന്ധിച്ച്, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെയും സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയിലെയും ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയ്ക്ക് യെമനില്‍ എംബസി ഇല്ല. നിമിഷപ്രിയയെ തടവില്‍ പാര്‍പ്പിച്ചിട്ടുള്ള ഹൂത്തി നിയന്ത്രണത്തിലുള്ള സനയില്‍ നേരിട്ടുള്ള നയതന്ത്ര ഇടപെടല്‍ ബുദ്ധിമുട്ടാണ്. ആഭ്യന്തര സംഘര്‍ഷം നടന്നുകൊണ്ടിരിക്കുന്ന യെമനില്‍ വിദേശരാജ്യങ്ങള്‍ക്കുള്ള നിയന്ത്രണം ദൗത്യത്തെയും ആശയവിനിമയത്തെയും ഏറെ സങ്കീര്‍ണ്ണമാക്കുന്നു.
2017 ജൂലൈയില്‍ യെമന്‍ വ്യവസായി തലാല്‍ അബ്ദോ മെഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ 2020 ലാണ് നിമിഷ പ്രിയയെ യെമന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെ നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീല്‍ 2023 നവംബറില്‍ യെമന്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ തള്ളുകയായിരുന്നു. യെമന്‍ നിയമപ്രകാരം ഇരയുടെ കുടുംബം ദിയാധനം ( ബ്ലഡ് മണി) സ്വീകരിച്ച് മാപ്പ് നല്‍കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
Be the first to comment