ട്രെയിൻ ടിക്കറ്റ് ഇനി ഫോണില്‍ കാണിച്ചാല്‍ പോരാ… പ്രിൻ്റൗട്ട് നിർബന്ധമാക്കി റെയില്‍വേ

നിരവധി പേർ വ്യാജ ടിക്കറ്റ് ഉപയോഗിച്ചും ടിക്കറ്റ് ഇല്ലാതെയും ട്രെയിനില്‍ യാത്ര ചെയ്യുന്നുണ്ട്. സീറ്റ് റിസർവായില്ലെങ്കിൽ എഐ ജനറേറ്റഡ് വ്യാജ ടിക്കറ്റുണ്ടാക്കിയും ടിടിയെ പറ്റിച്ചും യാത്ര ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. എന്നാൽ ഇനി ഇത്തരം തട്ടിപ്പൊന്നും ഇന്ത്യൻ റെയിൽവേയോട് നടക്കില്ലെന്ന് സാരം. ജനറല്‍ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ ടിക്കറ്റിൻ്റെ സ്‌ക്രീൻഷോട്ട്, ഫോട്ടോ എന്നിവ കാണിക്കുന്നതിന് റെയില്‍ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

വർധിച്ചുവരുന്ന ഡിജിറ്റൽ തട്ടിപ്പ് തടയുന്നതിനാണ് റെയിൽവേയുടെ നീക്കം. ഇനി മുതൽ അൺറിസർവ്‌ഡ് (ജനറല്‍) ടിക്കറ്റ് യാത്രക്കാർ എല്ലാവരും പ്രിൻ്റൗട്ട് കൈവശം വയ്‌ക്കണം. ടിക്കറ്റിൻ്റെ സ്‌ക്രീൻഷോട്ട്, ഫോട്ടോ എന്നിവ അസാധുവായിരിക്കുമെന്നും പരിശോധന ശക്തമാക്കിയെന്നും റെയിൽവേ അറിയിച്ചു.

എഐ ജനറേറ്റഡ് വ്യാജ ടിക്കറ്റുകളുടെ ഉപയോഗം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് കര്‍ശന നടപടിയുമായി അധികൃതര്‍ മുന്നോട്ട് പോകുന്നത്. മധ്യപ്രദേശില്‍ നിന്നും വ്യാജ എഐ ജനറേറ്റഡ് ടിക്കറ്റുമായി രണ്ടാഴ്‌ച മുമ്പ് മൂന്ന് വിദ്യാര്‍ഥികളെ ടിടിഇ പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തുടനീളം ഇത്തരം എഐ ജനറേറ്റഡ് വ്യാജ ടിക്കറ്റ് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത് പ്രിൻ്റഡ് നിര്‍ബന്ധമാക്കിയത്.

അതേസമയം, റിസര്‍വ് ചെയ്‌ത ടിക്കറ്റുകള്‍ക്ക് ഇത് ബാധകമല്ല, യാത്രക്കാര്‍ക്ക് മൊബൈല്‍ ഫോണിലെ ഡിജിറ്റല്‍ കോപ്പി കാണിച്ചാല്‍ മതിയാകും. എല്ലാ ടിടിഇകളും ടിസിമാരും അവരുടെ മൊബൈൽ ഫോണുകളിലും ടാബ്‌ലെറ്റുകളിലും ഐആർടിസി ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. ഏന്തെങ്കിലും തരത്തിൽ സംശയം തോന്നിയാൽ, യുടിഎസ് നമ്പറും ടിക്കറ്റിൻ്റെ കളർ കോഡും പരിശോധിക്കാനും ക്യുആർ കോഡുകൾ ഉടൻ സ്‌കാൻ ചെയ്‌ത് ഉറപ്പ് വരുത്താനും അധികൃതർ ആവശ്യപ്പെട്ടു. ഇനി ഫോണിൽ ടിക്കറ്റ് കാണിച്ച് കൊടുക്കാൻ ഇതല്ലാം ശ്രദ്ധിക്കണം..

ഡിജിറ്റൽ കോപ്പി അസാധുവോ?

ഡിജിറ്റൽ ടിക്കറ്റ് അസാധുവാണെന്ന് പൂർണമായി പറയാൻ സാധിക്കില്ല. ഇ-ടിക്കറ്റുകൾക്കും എംടി-കട്ട് ടിക്കറ്റുകൾക്കും ഈ നിയമം ബാധകമല്ല. ഐആർസിടിസി വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്‌ത റിസർവർഡ് ടിക്കറ്റുകൾക്ക് പ്രിൻ്റൗട്ട് ആവശ്യമില്ല.

അതുപോലെ യുടിഎസ് ഓൺ മൊബൈൽ ആപ്പ് വി ബുക്ക് ചെയ്‌ത ടിക്കറ്റ് അസാധുവല്ല. എന്നാൽ അവ ആപ്പ് വഴി തുറന്ന് കണിക്കണം. ഇവയുടെ സ്ക്രീൻഷോട്ടുകളോ ഫോട്ടോകളോ അനുവദനീയമല്ല

കൗണ്ടറിൽ ചെന്ന് ടിക്കറ്റ് വാങ്ങുന്നവർ നിർബന്ധമായും യഥാർഥ ടിക്കറ്റ് കൈവശം വയ്ക്കണം. മറിച്ച് അവയുടെ ഫോട്ടോയോ മറ്റും കാണിച്ചാൽ അസാധുവായി കണാക്കാക്കും.

പ്രിൻ്റൗട്ട് നിര്‍ബന്ധം ജനറല്‍ ടിക്കറ്റിന്

യുടിഎസ് കൗണ്ടറുകൾ, ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകൾ (ATVM-കൾ) വഴി ജനറല്‍ ടിക്കറ്റ് എടുത്തവര്‍ക്കാണ് പ്രിൻ്റൗട്ട് നിർബന്ധമാക്കിയത്. കൂടാതെ, ആധാർ, വോട്ടർ ഐഡി, പാൻ മുതലായ തിരിച്ചറിയൽ രേഖകൾ കൈയിൽ സൂക്ഷിക്കാനും മറക്കരുത്.

ശിക്ഷ എന്ത്?

ഇന്ത്യൻ റെയിൽവേയിൽ തന്നെ ഏറ്റവും അധികം നടക്കുന്ന നിയമലംഘനങ്ങളിൽ ഒന്നാണ് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നത്. യാത്രക്കാരിൽ പലരും ടിക്കറ്റ് ഇല്ലാതെ യത്ര ചെയ്യുന്നത് മൂലം ദിവസം ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടമാണ് റെയിൽവേയ്‌ക്ക് ഉണ്ടാകുന്നത്. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെ കാത്തിരിക്കുന്നത് പിഴ ഉൾപ്പടെയുള്ള ശിക്ഷകളാണ്.

ടിക്കറ്റ് ഇല്ലാതെ ട്രെയിനിൽ യാത്ര ചെയ്‌താൽ പിഴയും ടിക്കറ്റ് നിരക്കും അടയ്‌ക്കേണ്ടി വരും. ട്രെയിൻ തുടങ്ങിയ സ്‌റ്റേഷനിൽ നിന്നുള്ള ടിക്കറ്റ് നിരക്കിൻ്റെ കൂടെ കുറഞ്ഞത് 250 രൂപ പിഴയും ചേർത്ത് ഈടാക്കും. ഹാൻഡികാപ്പ്ഡ് കോച്ചിൽ യാത്ര, മേൽക്കൂരയിൽ യാത്ര, ലഗേജ് വാനിൽ യാത്ര തുടങ്ങിയവയ്ക്കും പിഴയും തടവ് ശിക്ഷയമുണ്ട്. വ്യാജ ടിക്കറ്റോ മറ്റ് കള്ളത്തരമോ വഴി യാത്ര ചെയ്‌താൽ ആറുമാസം വരെ തടവ് ലഭിക്കും. 1000 രൂപ വരെ പിഴയും ഈടാക്കും.

Be the first to comment

Leave a Reply

Your email address will not be published.


*