യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ ട്രെയിന്‍ യാത്രാനിരക്ക് കൂടും, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ യാത്രാനിരക്ക് വര്‍ധിപ്പിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍. സബര്‍ബന്‍ ട്രെയിനുകളിലെ യാത്ര നിരക്കില്‍ വര്‍ധന വരുത്തിയിട്ടില്ലെങ്കിലും ദീര്‍ഘദൂര യാത്രകള്‍ക്ക് നിരക്ക് കൂടും.

ഓര്‍ഡിനറി ക്ലാസുകള്‍ക്ക് കിലോമീറ്ററിനും ഒരു പൈസയും മെയില്‍/ എക്‌സ്പ്രസ് നോണ്‍ എസി ക്ലാസ്, എസി ക്ലാസ് നിരക്ക് കിലോമീറ്ററിന് രണ്ടുപൈസയുമാണ് വര്‍ധിപ്പിച്ചത്. 215 കിലോമീറ്റര്‍ വരെ നിരക്ക് ബാധകമല്ല. 600 കോടി രൂപയുടെ അധികവരുമാനമാണ് റെയില്‍വേ ഇതിലൂടെ ലക്ഷ്യമിടുന്നത്. 500 കിലോമീറ്റര്‍ ദൂരമുള്ള നോണ്‍- എസി യാത്രയ്ക്ക് 10 രൂപ അധികമായി നല്‍കേണ്ടി വരും. എന്നാല്‍ 500 കിലോമീറ്റര്‍ ദൂരമുള്ള മെയില്‍/ എക്‌സ്പ്രസ് ട്രെയിനുകളില്‍ നോണ്‍ എസി, എസി ക്ലാസുകളില്‍ യാത്ര ചെയ്യുമ്പോള്‍ അധികമായി 20 രൂപ നല്‍കേണ്ടി വരും.

റെയില്‍വേയുടെ പ്രവര്‍ത്തന ചെലവുകളില്‍ ഉണ്ടായ വന്‍ വര്‍ധനവാണ് നിരക്ക് പരിഷ്‌കരണത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവില്‍ ജീവനക്കാരുടെ ശമ്പള ഇനത്തില്‍ മാത്രം 1,15,000 കോടി രൂപ റെയില്‍വേ ചെലവിടുന്നുണ്ട്. പെന്‍ഷന്‍ ചെലവ് 60,000 കോടി രൂപയായും ഉയര്‍ന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേയുടെ ആകെ പ്രവര്‍ത്തന ചെലവ് 2,63,000 കോടി രൂപയായാണ് വര്‍ധിച്ചത്. ഈ അധിക ബാധ്യത മറികടക്കുന്നതിനായി ചരക്ക് നീക്കം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം യാത്രാനിരക്കുകളില്‍ ചെറിയ തോതിലുള്ള മാറ്റങ്ങള്‍ വരുത്തുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കി.

 

Be the first to comment

Leave a Reply

Your email address will not be published.


*