വാഷിംഗ്ടൺ: യുസി ബെർക്ക്ലിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്ത്ഥിയായ ഇന്ത്യക്കാരനെ കാണ്മാനില്ല. കർണാടകയിൽ നിന്നുള്ള സാകേത് ശ്രീനിവാസയ്യ വിദ്യാർഥിയെയാണ് കാണാതായത്. സംഭവത്തിൽ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ആശങ്ക പ്രകടിപ്പിച്ചു.
തുടർന്ന് വിദ്യാർഥിയുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ടുവെന്നും വിദ്യാർഥിയെ കണ്ടെത്തുന്നതിനുള്ള നടപടികൾ അതിവേഗത്തിൽ നടന്നുവരുന്നെന്നും കോൺസുലേറ്റ് ജനറൽ അധികൃതർ എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
“കർണാടകയിൽ നിന്നുള്ള യുസി ബെർക്ക്ലിയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ സാകേത് ശ്രീനിവാസയ്യയുടെ തിരോധാനത്തിൽ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വളരെയധികം ആശങ്കയിലാണ്. കോൺസുലേറ്റ് കുടുംബവുമായി ബന്ധപ്പെടുകയും വിദ്യാർഥിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിയും വരുന്നു”, എന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു.
എന്നിരുന്നാലും ഇത് ആദ്യത്തെ സംഭവമല്ല. വിദേശത്തെത്തുന്ന ഇന്ത്യൻ വിദ്യാർഥികൾ പലപ്പോഴും വിവേചനം, വംശീയ ആക്രമണങ്ങൾ, അധികാരികളുടെ അശ്രദ്ധ എന്നിവ നേരിടുകയും പരാതിപ്പെടുകയും ചെയ്യുന്നുണ്ട്.
വിദേശ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം
അടുത്തിടെ വിദേശ വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ച് ലോക്സഭയിൽ എംപി അസദുദ്ദീൻ ഒവൈസി ഉന്നയിച്ച ചോദ്യങ്ങൾക്ക്, ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള ശ്രമങ്ങളെ വിദേശകാര്യ മന്ത്രാലയം എടുത്തുകാട്ടുകയും ചെയ്തിരുന്നു.
“വിദേശത്തുള്ള ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷയ്ക്ക് സർക്കാർ ഉയർന്ന മുൻഗണന നൽകുന്നു. അവർക്കെതിരായ അക്രമസംഭവങ്ങളെ നിരീക്ഷിക്കുകയും അതിനെതിരയെ കൃത്യമായി അന്വേഷണവും നടപടിയും സ്വീകരിക്കുന്നുണ്ട്. കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കുകയും ചെയ്യുന്നു”, എന്ന് വിദേശകാര്യ മന്ത്രാലയം എംപിയുടെ ചോദ്യത്തിന് മറുപടി നൽകി.
വിദേശ സർവകലാശാലകളിൽ ചേരുന്ന വിദ്യാർഥികളുമായി നിരന്തരം ബന്ധം നിലനിർത്താനും അവരുമായി പ്രീ-ഓറിയൻ്റേഷൻ സെഷനുകൾ നടത്താനും കഴിയുന്നുണ്ട്. വിദേശത്ത് പഠിക്കുമ്പോൾ സ്വീകരിക്കേണ്ട വെല്ലുവിളികൾ, അപകടസാധ്യതകൾ എന്നിവയെപ്പറ്റിയെല്ലാം ബോധവത്ക്കരണവും നൽകിപ്പോരുന്നു എന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
ഫലപ്രദമായ ആശയവിനിമയവും സമയബന്ധിതമായ പിന്തുണയും ഉറപ്പാക്കുന്നതിനായി വിദേശ മന്ത്രാലയത്തിൻ്റെ MADAD പോർട്ടൽ, ഇന്ത്യൻ വിദ്യാർഥികൾക്കായി പ്രത്യേകം സൃഷ്ടിച്ച വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ, കോൺസുലാർ ക്യാമ്പുകൾ, ഓപ്പൺ ഹൗസുകൾ, അടിയന്തര ഹോട്ട്ലൈനുകൾ എന്നിവയുൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ പ്രാദേശിക ഇന്ത്യൻ മിഷനുകളുമായും പോസ്റ്റുകളുമായും ബന്ധപ്പെടാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നു.
രാഷ്ട്രീയ അസ്ഥിരത, സാമ്പത്തിക പ്രതിസന്ധികൾ എന്നിവ ബാധിക്കപ്പെട്ട രാജ്യങ്ങളിലും വിദ്യാർഥികൾ ചൂഷണം ചെയ്യപ്പെടാൻ സാധ്യത കൂടുതലുള്ള രാജ്യങ്ങളിലും ജാഗ്രത പാലിക്കുന്നു. ഇന്ത്യൻ വിദ്യാർഥികളെ ബാധിക്കുന്ന ഏതൊരു സംഭവത്തിലും അവരുടെ സുരക്ഷയും ഉചിതമായ പരിഹാരവും ഉറപ്പാക്കാൻ സർക്കാർ സന്നദ്ധരാണ്.
കൂടാതെ അടിയന്തര വൈദ്യസഹായം, താൽക്കാലിക താമസം, മറ്റ് അവശ്യ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള കോൺസുലാർ സഹായം ആവശ്യമുള്ളപ്പോഴെല്ലാം നൽകുന്നു. ദുരന്ത സമയങ്ങളിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരെ പിന്തുണയ്ക്കുന്നതിനും ആവശ്യമുള്ളപ്പോൾ സഹായം നൽകുന്നതിനും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് (ICWF) ഉപയോഗിക്കുന്നു എന്നും വ്യക്തമാക്കി.
അതേസമയം അടിയന്തര ഘട്ടങ്ങളിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരെ സംരക്ഷിക്കുന്നതിനായി ഇന്ത്യാ ഗവൺമെൻ്റ് വലിയ തോതിലുള്ള ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഓപ്പറേഷൻ ദേവി ശക്തി (അഫ്ഗാനിസ്ഥാൻ), ഓപ്പറേഷൻ ഗംഗ (ഉക്രെയ്ൻ), ഓപ്പറേഷൻ കാവേരി (സുഡാൻ), ഓപ്പറേഷൻ അജയ് (ഇസ്രായേൽ), ഓപ്പറേഷൻ സിന്ധു (ഇസ്രായേൽ, ഇറാൻ) എന്നിവയാണ് സമീപകാലത്തെ ശ്രദ്ധേയമായ ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ.
വിദേശത്തുള്ള ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും അക്രമികളിൽ നിന്നും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ നിന്നും അവരെ സംരക്ഷിക്കുന്നതിനുമുള്ള ഇന്ത്യൻ സർക്കാരിൻ്റെ അചഞ്ചലമായ പ്രതിബദ്ധത ഈ ശ്രമങ്ങൾ പ്രകടമാക്കുന്നു.



Be the first to comment