അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. 27കാരനായ ചന്ദ്രശേഖർ പോൾ ആണ് കൊല്ലപ്പെട്ടത്. ഹൈദരാബാദ് സ്വദേശിയാണ്. ദള്ളാസിൽ ഒരു ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. അക്രമിയെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ കുടുംബം സർക്കാരിന്റെ സഹായം തേടി.
ഹൈദരാബാദിൽ ഡെന്റൽ സർജറിയിൽ ബിരുദം പൂർത്തിയാക്കിയ ചന്ദ്രശേഖർ പോൾ 2023ലാണ് ഉന്നത പഠനത്തിനായി യുഎസിൽ എത്തിയത്. ആറ് മാസം മുമ്പ് യുഎസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ചന്ദ്രശേഖർ പെട്രോൾ പമ്പിൽ പാർട്ട് ടൈം ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെ മുഴുവൻ സമയ ജോലിയ്ക്കായി ശ്രമം നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ദാരുണമായി സംഭവം ഉണ്ടായത്.
ബിആർഎസ് എംഎൽഎ സുധീർ റെഡ്ഡിയും മുൻ മന്ത്രി ടി ഹരീഷ് റാവുവും ഇഹൈദരാബാദിലെ വിദ്യാർഥിയുടെ വീട് സന്ദർശിക്കുകയും കുടുംബത്തെ കാണുകയും ചെയ്തു. ചന്ദ്രശേഖർ പോളിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് സുധീർ റെഡ്ഡി ആവശ്യപ്പെട്ടു.
“ചന്ദ്രശേഖറിന്റെ മൃതദേഹം എത്രയും വേഗം ജന്മനാട്ടിൽ എത്തിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നും അതിനുള്ള ശ്രമങ്ങൾ നടത്തണമെന്നും ബിആർഎസിന്റെ പേരിൽ ഞങ്ങൾ ആവശ്യപ്പെടുന്നു” എന്ന് സുധീർ റെഡ്ഡി പറഞ്ഞു. “വലിയ ഉയരങ്ങളിലെത്തുമെന്ന് വിശ്വസിച്ചിരുന്ന മകൻ ഇനി ഇല്ലെന്ന് അറിയുമ്പോൾ മാതാപിതാക്കൾ അനുഭവിക്കുന്ന വേദനയ്ക്ക് സാക്ഷ്യം വഹിക്കുന്നത് ഹൃദയഭേദകമാണ്,” അനുശോചനം രേഖപ്പെടുത്തി ടി ഹരീഷ് റാവു റാവു സമൂഹമാധ്യമത്തിൽ കുറിച്ചു.



Be the first to comment