”ഇന്ത്യൻ വിദ്യാർഥികള്‍ നാട്ടിലേക്ക് മടങ്ങുന്നത് നാണക്കേട്,” അമേരിക്കയില്‍ തന്നെ തുടരാൻ സുവര്‍ണാവസരം നല്‍കി ട്രംപ്

വാഷിങ്ടൺ: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ നിന്ന് പഠിക്കുകയും പിന്നീട് തിരിച്ച് പോകുന്നതെന്ന് നാണക്കേടെന്ന് അമേരിക്കൻ പ്രസിഡൻ്റ്‌ ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് അമേരിക്കയിലെ മികച്ച സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയ ശേഷം അവരുടെ മാതൃരാജ്യങ്ങളിലേക്ക് മടങ്ങേണ്ടിവരുന്നത് “ലജ്ജാകരം” ആണെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ട്രംപ് ഗോൾഡ് കാർഡ്’ ലോഞ്ചിനിടെയാണ് പരാമർശം. ഗോൾഡ് കാർഡ് വരുന്നതോടെ പ്രതിസന്ധി ഒഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കുടിയേറ്റക്കാർക്ക് യുഎസ് പൗരത്വത്തിലേക്കുള്ള വഴി വാഗ്‌ദാനം ചെയ്യുന്ന ഒരു വിസ പദ്ധതിയായി ഒരു മില്യൺ ഡോളർ ‘ട്രംപ് ഗോൾഡ് കാർഡ്’ ആരംഭിക്കുകയാണ്. അമേരിക്കയ്ക്ക് ഗണ്യമായ നേട്ടം നൽകാനുള്ള ഒരു വ്യക്തിയുടെ കഴിവിനെ അടിസ്ഥാനമാക്കിയുള്ള ഒരു വിസയാണ് ട്രംപ് ഗോൾഡ് കാർഡ് എന്നും ട്രംപ് വ്യക്തമാക്കി.

“നമ്മുടെ രാജ്യത്തേക്ക് മികച്ച ആരെയെങ്കിലും കൊണ്ടുവരാനുള്ള ഒരു സമ്മാനമാണിത്. ചിലർക്ക് അമേരിക്കൻ കോളജിൽ നിന്ന് ബിരുദം നേടി, ഇന്ത്യയിലേക്കും ചൈനയിലേക്കും ഫ്രാൻസിലേക്കും മടങ്ങണം. അവർ എവിടെ നിന്നാണ് വന്നതെന്ന് അവർക്ക് തിരികെ പോകണം. ഇവിടെത്തന്നെ താമസിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇത് ഒരു നാണക്കേടാണ്. ഇത് പരിഹാസ്യമായ കാര്യമാണ്. ഞങ്ങൾ അത് ശ്രദ്ധിക്കുന്നു”- വൈറ്റ് ഹൗസിൽ നടന്ന സമ്മേളനത്തിൽ ട്രംപ് പറഞ്ഞു.

ഐബിഎമ്മിൻ്റെ ഇന്ത്യൻ-അമേരിക്കൻ സിഇഒ അരവിന്ദ് കൃഷ്‌ണ, ഡെൽ ടെക്നോളജീസ് സിഇഒ മൈക്കൽ ഡെൽ എന്നിവരും ഗോൾഡ് കാർഡ് പ്രഖ്യാപനത്തിൽ പങ്കാളികളായിരുന്നു. വാർട്ടൺ, ഹാർവാർഡ്, യുഎസിലെ എംഐടി തുടങ്ങിയ മികച്ച അമേരിക്കൻ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥികളെ മികച്ച കമ്പനികളിൽ നിയമിക്കുകയും അവർക്ക് ഗോൾഡ് കാർഡ് വാങ്ങാൻ അവസരമുണ്ടാക്കുകയും ചെയ്യുമെന്നും പ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടി.

ഗ്രീൻ കാർഡിനേക്കാൾ വലിയ നേട്ടങ്ങളെന്ന് ട്രംപ്

യുഎസിൽ സ്ഥിര താമസം വാഗ്‌ദാനം ചെയ്യുന്ന ഗ്രീൻ കാർഡിനേക്കാൾ വലിയ നേട്ടങ്ങൾ നൽകുന്ന ഗോൾഡ് കാർഡിൽ കമ്പനികൾ ഇപ്പോൾ വളരെ സന്തുഷ്‌ടരാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ചില വമ്പർ വണ്‍ ബുരുദദാരികളെ നിയമിക്കുന്നതിൽ ആപ്പിൾ സിഇഒ ടീം അടക്കം പ്രമുഖ കമ്പനികള്‍ ആശങ്ക പങ്കുവച്ചിരുന്നു.

ബിരുദം പൂർത്തിയാക്കുന്നവർക്ക് രാജ്യത്ത് തുടരാൻ കഴിയുമോ ഇല്ലയോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ പലർക്കും അവസരങ്ങള്‍ നഷ്‌ടപ്പെടുന്നു. വിദ്യാർഥികളെ രാജ്യത്ത് നിന്നും പുറത്താക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

“ഇനി ഇത് ഒരു പ്രശ്‌നമാകാൻ പോകുന്നില്ല. നിങ്ങൾക്കറിയാവുന്നതുപോലെ, അവർ കാനഡയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകുന്നത് പരിഹരിച്ചു. ഗോൾഡ് കാർഡ് വഴി യുഎസ് രാജ്യത്തിനായി കോടിക്കണക്കിന് ഡോളർ വന്നുചേരും. ഇതൊരു മികച്ച കാര്യമായിരിക്കും” – ട്രംപ് പറഞ്ഞു.

ഇനിമുതൽ വാർട്ടൺ സ്‌കൂൾ ഓഫ് ഫിനാൻസ്, ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയുടെ സ്റ്റേൺ ബിസിനസ് സ്‌കൂൾ, ഹാർവാർഡ്, എംഐടി തുടങ്ങിയ സർവകലാശാലകളിൽ നിന്ന് ഇനി കമ്പനികൾക്ക് റിക്രൂട്ട്മെൻ്റ് നടത്താൻ കഴിയും. ഗോള്‍ഡ് കാർഡ് വാങ്ങിയാൽ ആ വ്യക്തിയെ യുണൈറ്റഡ് സ്റ്റേറ്റ്സിൽ തന്നെ നിലനിർത്താനും കഴിയും.

ഗോൾഡ് കാർഡിന് ചെലവാകുന്നത് ഒരു ദശലക്ഷം ഡോളർ

അതേസമയം ഗോൾഡ് കാർഡിന് ചെലവാകുന്നത് ഒരു ദശലക്ഷം ഡോളറാണെന്ന് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് വിശദീകരിച്ചു. ഒരു വ്യക്തിക്ക് ഒരു ദശലക്ഷം ഡോളറും ഒരു കോർപ്പറേഷന് രണ്ട് ദശലക്ഷം ഡോളറുമാണ് ഗോള്‍ഡ് കാർഡിനായി ചെലവാകുന്നത്. ഈ ആളുകൾ അമേരിക്കയിൽ താമസിക്കാൻ പൂർണമായും യോഗ്യരാണെന്ന് ഉറപ്പാക്കാൻ വേണ്ടിയാണിത്. അഞ്ച് വർഷത്തിന് ശേഷം ഇവർക്ക് പൗരത്വം ലഭിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*