
നേപ്പാൾ കലാപത്തിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരിയും. ഉത്തർപ്രദേശ്ഗാസിയാബാദിൽ നിന്നുള്ള രാജേഷ് ഗോളയാണ് കൊല്ലപ്പെട്ടത്. അക്രമികൾ തീവെച്ച കാഠ്മണ്ഡുവിലെ ഹയാത്ത് ഹോട്ടലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവർ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വഴുതി വീണ് ഗുരുതരമായി പരുക്കേറ്റിരുന്നു. നേപ്പാൾ സൈന്യം ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. ആൾക്കൂട്ടം ഹോട്ടലിലേക്ക് ഇരച്ചുകയറി തീയിട്ടതോടെ പടിക്കെട്ടുകൾ പുകകൊണ്ട് നിറയുകയും ഭർത്താവ് രാംവീർ സിംഗ് ഗോള ഹോട്ടൽ മുറിയുടെ ഒരു ജനൽ ചില്ല് തകർത്തുകൊണ്ട് മറ്റൊരു വഴിയിലൂടെ രക്ഷപ്പെടുകയുമാണ് ഉണ്ടായത്.
അതേസമയം, നേപ്പാളിലെ ജെൻസി പ്രതിഷേധത്തിനും സംഘര്‍ഷത്തിനും ശമനമാവുകയാണ്. ഇടക്കാല സർക്കാരിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. മുൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സുഷീല കർക്കി, ഇലക്ട്രിസിറ്റി അതോറിറ്റി മുൻ എംഡി കുൽമൻ ഗിസിങ്, കാഠ്മണ്ഡു മേയർ ബലേൻ ഷാ എന്നിവരാണ് പരിഗണനയിലുള്ളത്. പ്രതിഷേധത്തിനിടെ ഇതുവരെ കൊല്ലപ്പെടത് 30 പേരാണ് . കാഠ്മണ്ഡുവിൽ നിരോധനാഞ്ജ തുടരുകയാണ്. പ്രതിഷേധക്കാർ തീയിട്ട സുപ്രിം കോടതിയും ബാങ്കുകളുമടക്കമുള്ളവ ഘട്ടംഘട്ടമായി തുറന്നേക്കും.
സംഘർഷ സാഹചര്യം കണക്കിലെടുത്ത് ത്രിഭുവൻ സർവകലാശാലയുടെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചു. പ്രശ്നങ്ങൾ പരിഹരിക്കാനായി ചർച്ചകൾ തുടരുന്നതായി പ്രസിഡന്‍റ് രാം ചന്ദ്ര പൗഡേൽ അറിയിച്ചു.
Be the first to comment