യുകെയില്‍ ഇന്ത്യന്‍ വംശജ ബലാത്സംഗത്തിന് ഇരയായി; വംശീയ വിദ്വേഷമെന്ന് ആരോപണം

ലണ്ടന്‍: യുകെയില്‍ ഇന്ത്യന്‍ വംശജയായ 20 കാരിയെ വംശീയമായി അധിക്ഷേപിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതായി ആരോപണം. വെസ്റ്റ്മിഡ്‌ലാന്‍ഡിലാണ് സംഭവം. യുവതിക്കെതിരെ ഭയാനകമായ ആക്രമണമാണ് നടന്നതെന്നും പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളെല്ലാം നടക്കുന്നുണ്ടെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന മുതിര്‍ന്ന പോലീസ് ഓഫീസര്‍ റോണന്‍ ടൈറര്‍ പറഞ്ഞു. വാല്‍സലിലെ പാര്‍ക്ക് ഹാള്‍ എന്ന പ്രദേശത്ത് ഒരു സ്ത്രീ നടുറോഡില്‍ കിടക്കുന്നതായാണ് പോലീസിന് വിവരം ലഭിച്ചത്. ഇതോടെയാണ് സംഭവം പുറത്തു വന്നത്.

സിസിടിവിയില്‍ പതിഞ്ഞ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പ്രദേശവാസികളോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിയെ എത്രയും വേഗം കസ്റ്റഡിയിലെടുക്കാന്‍ കഴിയുന്ന തരത്തില്‍ തെളിവുകള്‍ ശേഖരിക്കുന്നുണ്ട്. പല തരത്തിലുള്ള അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. പ്രദേശത്ത് സംശയകരമായി പെരുമാറിയ ആരെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് അറിയേണ്ടത് അത്യാവശ്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു

ആ പ്രദേശത്തുകൂടി വാഹനമോടിക്കുമ്പോള്‍ ആരെങ്കിലും എന്തെങ്കിലും ഷൂട്ട് ചെയ്യുകയോ ഡാഷ് ക്യാം ദൃശ്യങ്ങള്‍ ഉണ്ടെങ്കിലോ അത് ഞങ്ങള്‍ക്ക് ഷെയര്‍ ചെയ്യുക. വിവരങ്ങളോ ദൃശ്യങ്ങളോ സുപ്രധാന വഴിത്തിരിവായേക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. കോവെന്‍ട്രി സൗത്തില്‍ നിന്നുള്ള എംപി സാറാ സുല്‍ത്താന സംഭവത്തില്‍ അപലപിച്ചുകൊണ്ട് എക്‌സില്‍ എഴുതി. വാല്‍സാലില്‍ നടന്ന വംശീയ ആക്രമണത്തില്‍ പഞ്ചാബിയായ ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടു. കഴിഞ്ഞമാസം ഓള്‍ഡ്ബറിയില്‍ നടന്ന വംശീയ ആക്രമണത്തില്‍ ഒരു സിഖ് സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടു. ഇത്തരം ആക്രമണങ്ങള്‍ ഫാസിസവും വിദ്വേഷവും ആണ് കാണിക്കുന്നത്. ഈ ഭീഷണി എത്രത്തോളം ഭയാനകവുമാണെന്ന് എനിക്കറിയാം. സമത്വം, നീതി, ഐക്യം എന്നിവയില്‍ കെട്ടിപ്പടുക്കുന്ന ഒരു സോഷ്യലിസ്റ്റ് സമൂഹത്തിനായി പോരാടുകയാണ് വേണ്ടതെന്നും സാറാ സുല്‍ത്താന പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*