വെറും 56 റണ്‍സ്! പരമ ദയനീയം പാകിസ്ഥാന്‍; വനിത ടി20 ലോകകപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ തീര്‍ന്നു

ഷാര്‍ജ: വനിതാ ടി20 ലോകകപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ന്യൂസിലന്‍ഡിനോടു പൊരുതാന്‍ പോലും നില്‍ക്കാതെ പാകിസ്ഥാന്‍ ദയനീയമായി തോറ്റു. ഇന്ത്യക്ക് സെമിയിലെത്താന്‍ പാകിസ്ഥാന്‍ വിജയിക്കേണ്ടത് അനിവാര്യമായിരുന്നു. എന്നാല്‍ കിവി വനിതകള്‍ സെമി ഉറപ്പിച്ചു. 54 റണ്‍സിന്റെ വിജയമാണ് ന്യൂസിലന്‍ഡ് ആഘോഷിച്ചത്. എട്ട് വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി കാണാതെ പുറത്താകുന്നത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സില്‍ ഒതുങ്ങി. 111 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ 11.4 ഓവറില്‍ വെറും 56 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു.

ഒരു ഘട്ടത്തില്‍ പാകിസ്ഥാന്‍ 30 പന്തില്‍ 28 റണ്‍സെടുക്കുമ്പോഴേക്കും അവര്‍ക്ക് 5 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. അവര്‍ 50 പോലും കടക്കില്ലെന്ന പ്രതീതി. 21 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാത്തിമ സന ഒരറ്റത്ത് കുറച്ചു നേരം പൊരുതി നിന്നതു മാത്രമാണ് കിവികളുടെ ജയം താമസിപ്പിച്ചത്. ഓപ്പണര്‍ മുനീബ അലിയാണ് (15) രണ്ടക്കം കടന്ന മറ്റൊരാള്‍.നാല് താരങ്ങള്‍ പൂജ്യത്തിനു പുറത്തായി. നസ്‌റ സന്ധു ഒരു പന്ത് പോലും നേരിടാതെ പുറത്താകാതെ നിന്നു.

2.4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി അമേലിയ കെര്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി പാക് ഇന്നിങ്‌സ് അതിവേഗം തീര്‍ത്തു. 11ാം ഓവറിലെ 4 പന്തില്‍ മൂന്നിലും വിക്കറ്റുകള്‍ വീഴ്ത്തിയാണ് കെര്‍ ഇന്നിങ്‌സ് അധികം നീട്ടാതെ അവസാനിപ്പിച്ചത്.

ഈഡന്‍ കാര്‍സന്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി. റോസ്‌മേരി മെയ്ര്‍, ലീയു തഹുഹു, ഫ്രാന്‍ ജോനസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. പന്തെടുത്തവരെല്ലാം വിക്കറ്റ് നേട്ടമാഘോഷിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് അടിച്ചെടുത്തു. പാക് സ്പിന്നര്‍മാരായ നഷ്‌റ സന്ധു, ഒമൈമ സുഹൈല്‍ എന്നിവരുടെ മികവാണ് കിവികളെ കുരുക്കിയത്. നഷ്‌റ 4 ഓവറില്‍ 18 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. ഒമൈമ 4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റും സ്വന്തമാക്കി.

28 റണ്‍സെടുത്ത സുസി ബെയ്റ്റ്‌സാണ് കിവികളുടെ ടോപ് സ്‌കോറര്‍. ബ്രൂക് ഹാല്ലിഡെ (22) ആണ് തിളങ്ങിയ മറ്റൊരു താരം. ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ (19), ജോര്‍ജിയ പ്ലിമ്മര്‍ (17) എന്നിവരും രണ്ടക്കം കടന്നു.

Be the first to comment

Leave a Reply

Your email address will not be published.


*