ഇന്ത്യയിലെ ആദ്യ വാട്ടര്‍മെട്രോ കൊച്ചിയില്‍ ഒരുക്കിയതിന് പിന്നാലെ വാഗമണ്ണില്‍ നിര്‍മ്മിച്ച ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം ഇന്ന് നാടിന് സമര്‍പ്പിക്കുന്നു. വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്യും. സാഹസിക വിനോദ പാര്‍ക്കും ഇന്ന് തുറക്കും. സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി നിര്‍മ്മിച്ച പാലം കാന്‍റിലിവര്‍ മാതൃകയിലാണ് ഒരുക്കിയത്.
ഭീമാകാരമായ പോൾ സ്ട്രക്ചറിൽ മറ്റു സപ്പോർട്ടുകൾ ഒന്നും ഇല്ലാതെ വായുവിൽ നിൽക്കുന്ന മാതൃകയിൽ ഉരുക്ക് വടങ്ങൾ ഉപയോഗിച്ചു ബന്ധിപ്പിച്ചു നിർത്തിയാണ് ബ്രിജ് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. സമുദ്രനിരപ്പില്‍നിന്ന് 3600 അടി ഉയരത്തിലുള്ള വാഗമണ്ണില്‍ 120 അടി നീളത്തില്‍ ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസില്‍ നിര്‍മിച്ച പാലത്തിനു മൂന്ന് കോടിയാണ് നിര്‍മാണച്ചെലവ്. 35 ടണ്‍ സ്റ്റീലാണ് പാലം നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
ഒരേസമയം 15 പേര്‍ക്ക് കയറാവുന്ന പാലത്തില്‍ കയറി നിന്നാല്‍ മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകള്‍വരെ കാണാന്‍ സാധിക്കും. ആകാശ ഊഞ്ഞാല്‍, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളര്‍, റോക്കറ്റ് ഇജക്ടര്‍, ഫ്രീഫോള്‍, ജയന്റ് സ്വിങ്, സിപ്ലൈന്‍ തുടങ്ങിയവയും സാഹസിക പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.



Be the first to comment