‘എത്ര വലിയ വിമാന കമ്പനിയെങ്കിലും നടപടി ഉണ്ടാകും’, ഇന്‍ഡിഗോ പ്രതിസന്ധിയില്‍ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇന്‍ഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാന കമ്പനികള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ ഒരു വിമാനക്കമ്പനിയെയും അനുവദിക്കില്ലെന്ന് വ്യോമയാന മന്ത്രി കെ രാം മോഹന്‍ നായിഡു പറഞ്ഞു. യാത്രികരുടെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. വിമാന കമ്പനികളെ തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി.

ഇന്‍ഡിഗോ സര്‍വീസുകള്‍ ഇന്നുമുതല്‍ സാധാരണ നിലയിലേക്ക് എത്തിയതായും മന്ത്രി അറിയിച്ചു. എയര്‍പോര്‍ട്ടുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിക്കഴിഞ്ഞു. തിരക്കുകളോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ല. യാത്രികര്‍ക്കുള്ള നഷ്ടപരിഹാരം, ലഗേജ് കൈകാര്യം, യാത്രക്കാര്‍ക്ക് വേണ്ട മറ്റ് സൗകര്യങ്ങള്‍ എന്നിവ ഉത്തരവാദിത്തപ്പെട്ടവരുടെ മേല്‍നോട്ടത്തില്‍ പുരോഗമിക്കുകയാണ്.

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ കമ്പനിക്ക് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകും. പ്രവര്‍ത്തന പരാജയം, നിയമ ലംഘനം, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക തുടങ്ങിയ സാഹചര്യങ്ങള്‍ അംഗീകരിക്കാന്‍ ആകില്ല. എത്ര വലിയ വിമാന കമ്പനിയായാലും ഇത്തരം സാഹചര്യങ്ങളില്‍ നടപടി നേരിടും. ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്താന്‍ രാജ്യം തയ്യാറല്ല. ഇന്‍ഡിഗോ പ്രതിസന്ധിക്ക് കാരണമായ ഫ്‌ലൈറ്റ് ഡ്യൂട്ടി സമയ ക്രമീരകണം പൈലറ്റുമാരുടെ പ്രവര്‍ത്തനം മെച്ചപ്പടുത്തുന്നതിന് ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്തതാണ്. അവ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു, യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനാണ് ഈ പരിഷ്‌കാരങ്ങള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*