പ്രതിസന്ധി ഒഴിയാതെ ഇന്‍ഡിഗോ; ഇന്ന് റദ്ദാക്കിയത് 400ഓളം സര്‍വീസുകള്‍

പ്രതിസന്ധി ഒഴിയാതെ ഇന്‍ഡിഗോ. പധാന നഗരങ്ങളില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. പുതിയ പൈലറ്റ് റോസ്റ്റര്‍ മാനദണ്ഡങ്ങളില്‍ വിട്ടു വീഴ്ച്ച ഇല്ല എന്ന് കേന്ദ്രം. ഇന്‍ഡിഗോയുടെ ശൈത്യകാല സര്‍വീസുകള്‍ ഡിജിസിഎ വെട്ടിക്കുറച്ചു. നിയമങ്ങളും ചട്ടങ്ങളും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ആകരുതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. 

തുടര്‍ച്ചയായ എട്ടാം ദിനവും ഇന്‍ഡിഗോ പ്രതിസന്ധി തുടരുകയാണ്. 400 ഓളം വിമാന സര്‍വീസുകള്‍ ആണ് ഇന്ന് റദ്ദാക്കിയത്. ഡല്‍ഹിയില്‍ നിന്ന് 152 സര്‍വീസുകളും ബാംഗ്ലൂരില്‍ നിന്നുള്ള 121 സര്‍വീസുകളും റദ്ദാക്കി. ഹൈദരാബാദ് തിരുവനന്തപുരം ചെന്നൈ ലക്‌നൗ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളെയും പ്രതിസന്ധി ബാധിച്ചു. നിയമങ്ങളും നിയന്ത്രണങ്ങളും നല്ലതാണ് പക്ഷേ അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി എന്‍ ഡി എ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു. എല്ലാ കമ്പനികളുമായി ആലോചിച്ച ശേഷമാണ് ഡിജിസിഎ മാനദണ്ഡങ്ങള്‍ തയ്യാറാക്കിയത്. നിലവിലെ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം ഇന്‍ഡിഗോയ്ക്ക് ആണെന്നും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാന്‍ അനുവദിക്കില്ല എന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പാര്‍ലമെന്റില്‍ പറഞ്ഞു.

തുടര്‍ച്ചയായി വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും വൈകുകയും ചെയ്തതിന് പിന്നാലെ ഇന്‍ഡിഗോക്ക് എതിരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നടപടിയെടുത്തു. ഇന്‍ഡിഗോയുടെ ശൈത്യകാല വിമാന സര്‍വീസുകളില്‍ 5 ശതമാനം ഡിജിസിഎ വെട്ടി കുറച്ചു. ഈസ്ലോട്ടുകള്‍ മറ്റ് എയര്‍ലൈന്‍ കമ്പനികള്‍ക്ക് നല്‍കും. പ്രതിസന്ധി തുടരുന്ന ഘട്ടത്തില്‍ വിമാനത്താവളങ്ങള്‍ സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി.

Be the first to comment

Leave a Reply

Your email address will not be published.


*