ഇൻഡിഗോ വിമാന പ്രതിസന്ധി തുടരുന്നു. ഇന്നും രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്കുള്ള നിരവധി സർവീസുകൾ മുടങ്ങിയേക്കും. തുടർച്ചയായ ദിവസങ്ങളിൽ വിമാന സർവീസുകൾ താളം തെറ്റിയതോടെ, ഷെഡ്യൂളുകൾ പുനക്രമീകരണത്തിന്റെ ഭാഗമായി ആയിരത്തിലധികം സർവീസുകൾ റദ്ദാക്കാൻ തീരുമാനിച്ചതായി ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് അറിയിച്ചിരുന്നു. വരും ദിവസങ്ങളിൽ റദ്ദാക്കലുകളുടെ എണ്ണം കുറയുമെന്നും ഡിസംബർ 10-നും 15-നും ഇടയിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്നുമാണ് പ്രതീക്ഷ.
സംഭവത്തിൽ വ്യോമയാന മന്ത്രാലയം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രതിസന്ധിക്ക് കാരണമായ പ്രശ്നങ്ങൾ കണ്ടെത്താനായി നാലംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. എന്താണ് പിഴവ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികൾ തത്സമയം നിരീക്ഷിക്കുന്നതിനും അടിയന്തര പരിഹാര നടപടികൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സ്ഥാപിച്ചിട്ടുണ്ട്.
ആഭ്യന്തര – അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ റദ്ദാക്കിയതോടെ മലയാളികൾ ഉൾപ്പെടെ നിരവധി യാത്രക്കാരാണ് വലഞ്ഞത്. കമ്പനി അധികൃതർ ബദൽ സംവിധാനങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കിയില്ലെന്ന് ആരോപിച്ച് യാത്രക്കാർ വിമാനത്താവളങ്ങളിൽ പ്രതിഷേധിച്ചു.



Be the first to comment