ഇന്‍ഡിഗോ സാധാരണ നിലയിലേക്ക്; യാത്രക്കാര്‍ക്ക് റീഫണ്ടായി ഇതുവരെ നല്‍കിയത് 610 കോടി രൂപ

ന്യൂഡല്‍ഹി: ഒരാഴ്‌ച നീണ്ട പ്രതിസന്ധികള്‍ക്ക് ശേഷം ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ സാധാരണനിലയിലേക്ക്. യാത്ര മുടങ്ങിയ യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം ഇതുവരെ റീഫണ്ടായി നല്‍കിയത് 610 കോടി രൂപയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.

ഞായറാഴ്‌ച (ഡിസംബര്‍ 7) രാത്രി എട്ടുമണിക്ക് മുന്‍പായി യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഡിസംബര്‍ 15 വരെ റദ്ദാക്കുന്ന എല്ലാ സര്‍വീസുകള്‍ക്കും മുഴുവന്‍ റീഫണ്ട് നല്‍കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. സര്‍വീസുകള്‍ സാധാരണ നിലയിലാക്കാനുള്ള പരിശ്രമത്തിലാണെന്നും സഹകരിക്കണമെന്നും ഇന്‍ഡിഗോ അഭ്യര്‍ഥിച്ചു.

വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ 3000 ബാഗേജുകള്‍ യാത്രക്കാരുടെ വിലാസങ്ങളില്‍ കമ്പനി എത്തിച്ചു. 48 മണിക്കൂര്‍ സമയമാണ് ബാഗേജുകള്‍ എത്തിക്കാന്‍ കേന്ദ്രം അനുവദിച്ചത്. റീഫണ്ട് നടപടികളും ബാഗേജ് തിരികെ നല്‍കാനുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനായി 24 മണിക്കൂറും ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.

ബുദ്ധിമുട്ട് നേരിടുന്ന യാത്രക്കാർക്ക് താമസസൗകര്യം ഒരുക്കുമെന്നും വിമാനത്താവളങ്ങളിൽ കാത്തിരിക്കുന്നവർക്കു ഭക്ഷണം നൽകുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. സാധ്യമായ സ്ഥലങ്ങളിലെല്ലാം ലോഞ്ച് ആക്സസ് നൽകുമെന്നും കമ്പനി അറിയിച്ചു.

അതേസമയം ഒരാഴ്‌ച നീണ്ട പ്രതിസന്ധികള്‍ക്ക് ശേഷം തങ്ങളുടെ വിമാനസര്‍വീസുകള്‍ ഭൂരിഭാഗവും പൂര്‍വസ്ഥിതിയിലായതായും ഞായറാഴ്‌ച 1650 ലേറെ സര്‍വീസുകള്‍ നടത്തുന്നതായും ഇന്‍ഡിഗോ നേരത്തെ അറിയിച്ചിരുന്നു. ഡിസംബര്‍ പത്തോടെ പൂര്‍ണമായും സര്‍വീസുകള്‍ പൂര്‍വ സ്ഥിതിയിലാവുമെന്നാണ് പ്രതീക്ഷയെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. ദിവസവും ഏകദേശം 2300 വിമാനസര്‍വീസുകളാണ് ഇന്‍ഡിഗോയ്ക്കുള്ളത്.

ഡിജിസിഎയുടെ ക്രൂ ഡ്യൂട്ടി ടൈം ചട്ടങ്ങൾ നടപ്പാക്കിയതിനെ തുടർന്ന് പൈലറ്റ് ക്ഷാമം ആണ് ഇന്ത്യയിലുടനീളം ഇൻഡിഗോ സർവീസുകൾ മുടങ്ങാൻ കാരണമായത്. . സര്‍വീസുകള്‍ താളംതെറ്റി യാത്രക്കാര്‍ വലഞ്ഞതോടെ പൈലറ്റുമാരുടെ വിശ്രമം ഉറപ്പാക്കാനുള്ള പുതിയ ഡ്യൂട്ടി ചട്ടമായ ഫ്‌ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ (എഫ്ഡിടിഎല്‍) നടപ്പാക്കുന്നതില്‍ ഫെബ്രുവരി 10 വരെ ഇന്‍ഡിഗോയ്ക്ക് ഇളവ് നല്‍കിയിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ. അടുത്തിയുണ്ടായ ഏറ്റവും വലിയ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇപ്പോള്‍ നേരിടുന്നത്. രാജ്യത്തുടനീളം വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുകയും കാലതാമസം നേരിടുകയും ചെയ്യുന്നതിനെ തുടര്‍ന്നാണ് ഇത്. ഈ ചട്ടങ്ങള്‍ നടപ്പാക്കാന്‍ രണ്ടുവര്‍ഷം കേന്ദ്രം സാവകാശം കൊടുത്തിരുന്നു.

ഇന്‍ഡിഗോയുടെ ‘ഓണ്‍ടൈം പെര്‍ഫോമന്‍സ്’ ഇന്ന് 75 ശതമാനമാണെന്നും കമ്പനി പറഞ്ഞു. കഴിഞ്ഞദിവസം ഇത് 30 ശതമാനമായിരുന്നു.

പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച പുതിയ ചട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്‌ചവരുത്തിയതിനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതും ഇന്‍ഡിഗോ സി ഇ ഒ പീറ്റര്‍ എല്‍ബേഴ്‌സിന് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നായിരുന്നു നിര്‍ദേശം. പിന്നീട് തിങ്കളാഴ്ച വൈകിട്ട് ആറിനകം മറുപടി നല്‍കണമെന്ന് ഡിജിസിഎ നിര്‍ദേശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*