
ന്യൂഡല്‍ഹി: സീറ്റ് കപ്പാസിറ്റിയുടെ കാര്യത്തിൽ ലോകത്തില്‍ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ എയർലൈനായി ഇൻഡിഗോ എയർലൈൻസ്. വർഷം തോറും 10.1 ശതമാനം വർധിച്ച് 2024-ൽ ഇന്‍ഡിഗോയുടെ സീറ്റ് കപ്പാസിറ്റി 134.9 ദശലക്ഷത്തിലെത്തി. ഒഫീഷ്യൽ എയർലൈൻ ഗൈഡിന്‍റെ (ഒഎജി) ഏറ്റവും പുതിയ ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മുൻ വർഷത്തെ അപേക്ഷിച്ച് സീറ്റ് കപ്പാസിറ്റിയില്‍ 10.4 ശതമാനം വളർച്ച കൈവരിച്ച ഖത്തർ എയർവേയ്‌സിന് തൊട്ടുപിന്നിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻ സ്ഥാനം നേടിയത്. 2024-ൽ 9.7 ശതമാനം വാർഷിക വളർച്ചയോടെ, ഫ്ലൈറ്റ് ഫ്രീക്വൻസി വളർച്ചയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന എയർലൈനായും ഇൻഡിഗോ റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം എയർലൈൻ 749,156 ഫ്ലൈറ്റ് ഫ്രീക്വൻസി രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ലോകത്തിലെ ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയ കമ്പനിയും ഇന്‍ഡിഗോയാണ്. കമ്പനി 900-ലധികം വിമാനങ്ങൾ ഓർഡർ ചെയ്‌തിട്ടുണ്ടെന്നും 2024-ൽ 58 പുതിയ എയർബസ് വിമാനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഒഎജി രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നിരുന്നാലും, എംആർഒയുമായി ബന്ധപ്പെട്ട സപ്ലൈ ചെയിന്‍ പ്രശ്‌നങ്ങൾ കാരണം എയർലൈനിന്‍റെ വലിയൊരു ഭാഗം (ഏകദേശം 80 വിമാനങ്ങൾ) നിഷ്‌ക്രിയമാണെന്നും ഇതില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇൻഡിഗോയുടെ ശേഷിയുടെ 88 ശതമാനവും ആഭ്യന്തര വിപണികൾക്കായി നീക്കിവച്ചിട്ടുണ്ടെങ്കിലും, 2024-ൽ അന്താരാഷ്‌ട്ര വളർച്ച എയർലൈനിന്‍റെ തന്ത്രത്തിന്‍റെ ഒരു പ്രധാന ഭാഗമായിരുന്നു.
ഇതിന്‍റെ ഭാഗമായി റീജണല്‍ മിഡിൽ ഈസ്റ്റ് വിപണികളിലും തായ്‌ലൻഡിലുമാണ് കമ്പനി ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചത്. ദീർഘകാലത്തേക്ക് കുറഞ്ഞ ചെലവിലുള്ള സേവനം വികസിപ്പിക്കുന്നതും ഇൻഡിഗോയുടെ ദീർഘകാല ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. അതേസമയം 2025 മാർച്ച് 31-ന് അവസാനിച്ച നടപ്പ് സാമ്പത്തിക വർഷത്തിലെ ഒക്‌ടോബർ-ഡിസംബർ പാദത്തിൽ ഇൻഡിഗോ 2,449 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്‌തു.
മുൻ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം ഇടിവാണ് ഇത് കാണിക്കുന്നത്. എന്നിരുന്നാലും, ഓപ്പറേഷനുകളില്‍ നിന്നുള്ള എയർലൈനിന്‍റെ വരുമാനം ഈ പാദത്തിൽ 14 ശതമാനം വർധിച്ച് 22,111 കോടി രൂപയായി. ഈ പാദത്തിലെ ഇൻഡിഗോയുടെ മൊത്തം വരുമാനം 22,992.8 കോടി രൂപയായിരുന്നു.
മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14.6 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. എയർലൈനിന്‍റെ മൊത്തം ചെലവ് 20,465.7 കോടി രൂപയായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 19.9 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്.
Be the first to comment