ശബരിമല കയറുമ്പോള്‍ മാളികപ്പുറവും കുട്ടി അയ്യപ്പന്മാരും ശ്രദ്ധിക്കണം, സുപ്രധാന അറിയിപ്പ്

പത്തനംതിട്ട: ശബരിമലസന്നിധിയിലെത്തുന്ന മാളികപ്പുറവും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ പടി കയറണമെന്ന നിര്‍ദേശവുമായി പൊലീസ്. പടിയുടെ വശങ്ങളിലായി നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭക്തരെ പിടിച്ചുകയറ്റാന്‍ സഹായിക്കുന്നതിനായാണ് ഈ നിർദേശം പുറപ്പെടുവിച്ചത്. പതിനെട്ടാംപടിക്ക് താഴെ മെഗാഫോണിലൂടെ ഭക്തജനങ്ങൾക്ക് നിര്‍ദേശം നല്‍കുന്നതിന് സന്നിധാനം സ്‌പെഷ്യല്‍ ഓഫിസര്‍ പി. ബാലകൃഷ്‌ണൻ നായര്‍ തുടക്കം കുറിച്ചു.

പതിനെട്ടാംപടിയുടെ താഴെ ഡ്യൂട്ടിയിലുള്ള പൊലീസുകാരും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ടീമും നിർദ്ദേശങ്ങൾ മെഗാഫോണിലൂടെ ഭക്തരെ അറിയിക്കുന്നുണ്ട്. സ്ത്രീകളേയും കുട്ടികളേയും സുരക്ഷിതമായി പടി കയറിയെത്തുന്നതിന് സഹായിക്കുകയാണ് ലക്ഷ്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഇടവിട്ട് മെഗാഫോണിലൂടെ ഇക്കാര്യം അനൗണ്‍സ് ചെയ്യുന്നുണ്ട്.

സന്നിധാനത്ത് പരാതി പരിഹാരത്തിനായി ലീഗല്‍ എയ്‌ഡ്‌ പോസ്റ്റ്

ശബരിമല സന്നിധിയിൽ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പരാതിയുണ്ടെങ്കില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ലീഗല്‍ എയ്‌ഡ് പോസ്റ്റിലെത്തി പരാതി നല്‍കാം. ഉദ്യോഗസ്ഥരില്‍ നിന്നും ജീവനക്കാരില്‍ നിന്നുമുള്ള മോശം പെരുമാറ്റം, വ്യാപാര സ്ഥാപനങ്ങളുടെ അമിത വില ഈടാക്കല്‍, മോഷണം തുടങ്ങി ഏതു വിഷയത്തിലും അയ്യപ്പഭക്തര്‍ക്ക് കൗണ്ടറില്‍ പരാതി നല്‍കാം.

ഈ വര്‍ഷം പരാതികള്‍ കുറവാണെന്ന് എയ്‌ഡ് പോസ്റ്റ് കോ-ഓഡിനേറ്റര്‍ ടി. രാജേഷ് പറഞ്ഞു. ‘പൊലീസിനെക്കുറിച്ചുള്ള പരാതികള്‍ ഒന്നുപോലും ഇതുവരെ ഈ വര്‍ഷം ലഭിച്ചിട്ടില്ല. പരാതികള്‍ ലഭിച്ചാൽ ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ച് തുടര്‍ നടപടി സ്വീകരിക്കും. ജീവനക്കാരുമായി ബന്ധപ്പെട്ട പരാതികള്‍ ശബരിമല അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറി പരിഹാരം ഉറപ്പാക്കും. ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിക്കാന്‍ രഹസ്യപരിശോധന നടത്തുന്നുണ്ട്. കൂടാതെ വ്യാപാര സ്ഥാപനങ്ങളും നിരീക്ഷിക്കുന്നുണ്ട്’ രാജേഷ് പറഞ്ഞു.

മദ്യത്തിൻ്റേയും പുകവലിയുടേയും ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാലും ഉടന്‍ പൊലീസിൻ്റെ സഹായത്തോടെ നടപടി സ്വീകരിക്കും. സന്നിധാനത്തിന് പുറമേ പമ്പയിലും എയ്‌ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി മണ്ഡലകാലത്ത് എയ്‌ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഗൗരവസ്വഭാവമുള്ള പരാതികള്‍ ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് കൈമാറും.

പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴിൽ വടക്കേനടയിലെ സന്നിധാനം പൊലീസ് സ്‌റ്റേഷൻ്റെ സമീപമാണ് എയ്‌ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട സൗജന്യ നിയമസഹായം ഡിഎല്‍എസ്എ ലഭ്യമാക്കും. കേസ് നടത്തിപ്പിന് അഭിഭാഷകരുടെ സേവനവും ഉറപ്പാക്കുന്നുണ്ട്. താലൂക്ക്, ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സേവനം ലഭ്യമാണ്. വനിതകള്‍ക്ക് പൂര്‍ണമായും, നാലു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള പുരുഷന്മാര്‍ക്ക് സൗജന്യമായും നിയമസഹായം ലഭിക്കും.

കോടതിയില്‍ നിലവുള്ള കേസുകൾ ഒത്തുതീര്‍പ്പാക്കാനും അതിക്രമങ്ങള്‍ നേരിട്ടവര്‍ക്ക് നഷ്‌ടപരിഹാരത്തിനായും ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ സമീപിക്കാം. പരാതികള്‍ക്കും സൗജന്യ നിയമസഹായത്തിനും ബന്ധപ്പെടുക – ഹെല്‍പ്പ് ലൈന്‍ നമ്പര്‍ – 1516, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി 0468 2220141, 9745808095Body.

Be the first to comment

Leave a Reply

Your email address will not be published.


*