കോട്ടയം: തെരഞ്ഞെടുത്ത 100 മുതിർന്ന പൗരന്മാരും 100 വിദ്യാർഥികളും മുഖാമുഖം പങ്കെടുക്കുന്ന തലമുറകളുടെ സംഗമം കോട്ടയം ബിസിഎം കോളേജ് ഓഡിറ്റോറിയത്തിൽ ശനിയാഴ്ച രാവിലെ 9മുതൽ 4 വരെ നടക്കും. എം.ജി സർവകലാശാല നടപ്പിലാക്കുന്ന യൂണിവേഴ്സിറ്റി ഓഫ് ദ തേർഡ് ഏജ് (U3A)എന്ന മുതിർന്നവരുടെ മുന്നേറ്റത്തിന്‍റെ ഭാഗമാണിത്. ഇന്റർ യൂണിവേഴ്സിറ്റി സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്) നേതൃത്വം കൊടുക്കുന്ന യു.ത്രീ.എ കേരളത്തിലെ എല്ലാ ജില്ലകളിലും എത്തിക്കഴിഞ്ഞു. മാർച്ച് 11ന് ആയിരുന്നു ഉദ്ഘാടനം. പ്രത്യേക പരിശീലനം ലഭിച്ച ബട്ടർഫ്ലൈ ഫെസിലിറ്റേറ്റർമാരാണ് ജില്ലാതലത്തിൽ നേതൃത്വം കൊടുക്കുന്നത്.
100 മുതിർന്ന പൗരന്മാർ എത്തുന്നത് വിവിധ ജില്ലകളിൽ നിന്നാണ്. ഐയുസിഡിഎസിലെയും ബി.സി.എം കോളേജിലെയും എംഎസ്ഡബ്ലിയു വിദ്യാർഥികളും ബിസിഎമ്മിലെ എൻഎസ്എസ് വോളണ്ടിയർമാരും ഉൾപ്പെട്ട 100 വിദ്യാർഥികളും യുവതലമുറയെ പ്രതിനിധീകരിക്കും. മുതിർന്നവർ കുടുംബത്തിലും സമൂഹത്തിലും പാർശ്വവൽക്കരിക്കപ്പെടുന്ന ഇക്കാലത്ത് അത്യാവശ്യം സംഭവിക്കേണ്ട സോഷ്യൽ തെറാപ്പിക്കാണ് യൂണിവേഴ്സിറ്റി, യു.ത്രി.എ യിലൂടെ തുടക്കം കുറിക്കുന്നത്.
സെന്‍റേർഡ് ഇന്‍ററാക്ഷൻ എന്ന വളർത്തുന്ന മനശാസ്ത്രത്തിന്റെ മാതൃകയിലാണ് തലമുറകളുടെ സംഗമം നടക്കുന്നത്. വൈസ് ചാൻസിലർ പ്രൊഫ. ഡോ. സി.ടി അരവിന്ദ് കുമാർ സംഗമം ഉദ്ഘാടനം ചെയ്യും. ഐ.യു.സി.ഡി.എസ് ഡയറക്റ്റർ പ്രൊഫ. ഡോ. പി.ടി ബാബുരാജ് അധ്യക്ഷനായിരിക്കും.
സംഗമത്തിന്‍റെ ജനറൽ കൺവീനർ ഡോ. ഗ്രേസമ്മ മാത്യു, ഡോ. എ.പി തോമസ്, ഡോ. റോബിനിറ്റ് ജേക്കബ്, ഡോ.ടോണി കെ തോമസ് കോളെജ് മാനേജർ ഫാ. ഫിൽമോൻ കളത്ര, പ്രിൻസിപ്പൽ ഡോ. സ്റ്റെഫി തോമസ്, എംഎസ് ഡബ്ലിയു വകുപ്പ് തലവൻ ഡോ. ഐപ് വർഗീസ് എന്നിവർ സംസാരിക്കും. രാജ്യാന്തര ടി.സി.ഐ ഫസിലിറ്റേറ്റർ ഡോ. സി തോമസ് എബ്രഹാം സംഗമത്തിന്റെ സെഷൻ നയിക്കും. നവതി പിന്നിട്ട സാമൂഹ്യ പ്രവർത്തക തങ്കമ്മ ടീച്ചർ (തമ്പലക്കാട്), അന്തർ ദേശീയ കായിക താരം ജോൺ മട്ടയ്ക്കൽ (കാഞ്ഞിരപ്പള്ളി)എന്നിവരെ വൈസ് ചാൻസിലർ ആദരിക്കും. പ്രൊഫ. ഡോ. പി.ടി ബാബുരാജ്, ഡോ. സി തോമസ് എബ്രഹാം, പ്രൊഫ. ഡോ. ഗ്രേസമ്മ മാത്യു, പ്രൊഫ. ജോബി ജോസഫ്, ഡോ.ഐപ്പ് വർഗീസ്, ജേക്കബ് കുര്യാക്കോസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Be the first to comment