ഡിജിറ്റൽ – സാങ്കേതിക സർവകലാശാലയിലെ താത്കാലിക വി സിമാർക്ക് തുടരാം; പുതിയ വിജ്ഞാപനം ഇറക്കി ഗവർണർ

ഡിജിറ്റൽ – സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർമാരെ തുടരാൻ അനുവദിച്ച് വിജ്ഞാപനം ഇറങ്ങി. സുപ്രീം കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ചാൻസിലറായ ഗവർണർ രാജേന്ദ്ര ആർലേക്കർ പുതിയ വിജ്ഞാപനം ഇറക്കിയത്. ഇതിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ സർവകലാശാലയിൽ ഡോ. സിസാ തോമസും സാങ്കേതിക സർവകലാശാലയിൽ ഡോ. കെ ശിവപ്രസാദും വി സിമാരായി തുടരും. ഇരുവരും ഇന്ന് വി സിമാരായി ചുമതലയേൽക്കും.

സർക്കാർ പാനലിനെ പൂർണമായും തള്ളിക്കൊണ്ടാണ് രണ്ട് വി സിമാരുടെയും പുനർനിയമനം. ഡോ. എം കെ ജയരാജ്, രാജശീ, കെ.പി സുധീർ എന്നിവരുടെ പേരുകളായിരുന്നു ഡിജിറ്റൽ സർവകലാശാലയിലെ താത്കാലിക വി സി ആയി നിയമിക്കണമെന്ന സർക്കാർ നൽകിയ പാനലിൽ ഉണ്ടായിരുന്നത്. പ്രൊഫ പ്രവീൺ, ഡോ. ജയപ്രകാശ്, ആർ സജീബ് എന്നിവരുടെ പേരുകളും സാങ്കേതിക സർവകലാശാല താത്കാലിക വി സി ആക്കാനുള്ള സർക്കാർ പാനലിൽ ഉണ്ടായിരുന്നു. ഈ പാനൽ തള്ളിയാണ് സിസാ തോമസിനേയും , ശിവപ്രസാദിനേയും ഗവർണർ നിയമിച്ചിരിക്കുന്നത്.

സിസാ തോമസിന്റേയും എ. ശിവപ്രസാദിൻ്റെയും നിയമനം ചട്ട വിരുദ്ധമെന്നും താത്കാലിക വി സിമാരുടെ നിയമനം സര്‍ക്കാര്‍ നൽകുന്ന പാനലില്‍ നിന്ന് തന്നെ നടത്തണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. താത്കാലിക വി സി നിയമനങ്ങൾക്ക് യുജിസി ചട്ടം പാലിക്കണമെന്നും ഹർജിയിൽ ചൂണ്ടികാട്ടിയിരുന്നു. ഗവർണറുടെ ഹർജിക്കെതിരെ സംസ്ഥാനം തടസ്സഹർജിയും സമർപ്പിച്ചിരുന്നു.

അതേസമയം, സാങ്കേതിക- ഡിജിറ്റൽ സർവകലാശാല വി സി നിയമനത്തിൽ പോരാട്ടത്തിന് ഒരുങ്ങുകയാണ് സർക്കാർ. ഡോ.ശിവപ്രസാദിനെയും ഡോ. സിസ തോമസിനെയും നിയമിച്ച നടപടി തിരുത്താൻ ചാൻസലറോട് ആവശ്യപ്പെടും. സർവകലാശാല നിയമത്തിലെ 12-ാം വകുപ്പ് പ്രകാരമാണ് സർക്കാർ നീക്കം.
ഉടൻ പുതിയ പാനൽ സമർപ്പിക്കാനും തീരുമാനമായി. ഗവർണർ കോടതി വിധി ലംഘിച്ചുവെന്ന് സുപ്രീംകോടതിയെയും സർക്കാർ അറിയിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*