ഷിരൂരിൽ അർജുനായുള്ള തിരച്ചിൽ നീളും; ഡ്രഡ്ജർ എത്താൻ വൈകും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ നീളും. ഈ മാസം 22 ന് മാത്രമേ പുഴയിലെ മണ്ണ് നീക്കാനുള്ള ഡ്രഡ്ജർ എത്തിക്കാൻ കഴിയൂവെന്നാണ് ഡ്രഡ്ജിംഗ് കമ്പനിയുടെ പ്രതികരണം. ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴ തിരച്ചിലിന് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.

ആഴങ്ങളിൽ കണ്ടെത്തിയ അടയാള സൂചനകളുടെ ചുവട് പിടിച്ചാണ് ഇന്നത്തെ തിരച്ചിൽ ആരംഭിച്ചത്. നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് ലോറിയുണ്ടോ എന്ന് ഉറപ്പിക്കാനായിരുന്നു ഇന്നത്തെ തിരച്ചിൽ. ഈശ്വർ മാൽപെക്കും, നേവിക്കും ഒപ്പം എൻഡിആർഎഫിന്റെ രണ്ട് ഡൈവർമാറും ഇന്ന് ഗംഗാവലിപുഴയുടെ ആഴങ്ങളിലേക്കിറങ്ങി. എന്നാൽ പുഴയുടെ അടിത്തട്ടിലെ കാഴ്ചാ പരിമിതിയും മൺകൂനയും ദൗത്യത്തിന് വീണ്ടും വെല്ലുവിളിയായി.

മാർക്ക് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കം ചെയ്യാൻ തിങ്കളാഴ്ചയോടെ ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. എന്നാൽ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തികരിച്ച് ഡ്രഡ്ജർ എത്താൻ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും എടുക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ഷിരൂരിൽ ഒരാഴ്ച്ചക്ക് ശേഷം പെയ്ത ശക്തമായ മഴ വരും ദിവസങ്ങളിൽ ദൗത്യത്തിന് തടസമാകുമോയെന്ന ആശങ്കയിലാണ് ദൗത്യ സംഘം.

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*