
കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ എത്തിക്കാനുള്ള നീക്കത്തിൽ കോട്ടയത്തെ കോൺഗ്രസിനുള്ളിൽ കടുത്ത വിയോജിപ്പ്. പാലായിലെ പ്രാദേശിക നേതാക്കൾ അടക്കം എതിർപ്പുമായി രംഗത്തെത്തി. കേരള കോൺഗ്രസ് എമ്മിനെ കൊണ്ടുവന്നാൽ വിജയിച്ച സീറ്റുകൾ അടക്കം വിട്ടു നൽകേണ്ടിവരുമെന്ന് പാലാ ബ്ലോക്ക് മണ്ഡലം വൈസ് പ്രസിഡണ്ട് തോമസ് ആർ വി കുറ്റപ്പെടുത്തി.പാലായിൽ അടക്കം കേരള കോൺഗ്രസ് എമ്മിന് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ഈ വസ്തുത മനസ്സിലാക്കാതെയാണ് ചില നേതാക്കാൾ ഇവരെ സ്വാഗതം ചെയ്യുന്നതെന്നും വിമർശനമുണ്ട്.
അതേസമയം മുന്നണി മാറ്റം സംബന്ധിച്ച് യു.ഡി.എഫുമായി ചർച്ച നടക്കുന്നുവെന്ന പ്രചാരണത്തിൽ വസ്തുതയില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു. യു.ഡി.എഫിന്റെ ഒരു നേതാക്കളും തങ്ങളുമായി ആശയവിനിമയം നടത്തിയിട്ടില്ല. ഇടതുമുന്നണിയിൽ ഞങ്ങൾ സന്തുഷ്ടരാണ്. മുന്നണി മാറേണ്ട സാഹചര്യം നിലവിലില്ല. കേരള കോൺഗ്രസ് എമ്മിന്റെ പ്രാധാന്യം യു.ഡി.എഫ് തിരിച്ചറിഞ്ഞെങ്കിൽ അത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിലമ്പൂരിലെ ജനവിധി സംസ്ഥാനത്തെ പൊതു സാഹചര്യമായി യു.ഡി.എഫ് പോലും കാണുന്നില്ല. അത്തരത്തിലുള്ള ഒരു പ്രതികരണവും നേതാക്കൾ നടത്തിയിട്ടുമില്ല. അതുകൊണ്ടാണ് കൂടുതൽ ഘടകകക്ഷികളെ ചേർക്കുമെന്ന് യു.ഡി.എഫ് നേതൃത്വം പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ എന്നത് കേരള കോൺഗ്രസിന് എമ്മിന് അവകാശപ്പെട്ടതാണ്. ഇക്കാര്യം എൽ.ഡി.എഫിൽ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Be the first to comment