അതിര്‍ത്തി ശാന്തമായമായതോടെ വീണ്ടും ഐപിഎല്‍ ആവേശം; മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും

അതിര്‍ത്തിയിലെ സംഘര്‍ഷം മൂലം നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം.

മറ്റ് ആരെക്കാളും കൂടുതല്‍ ഐപിഎല്‍ തുടരാന്‍ ആഗ്രഹിച്ചവര്‍ ആര്‍സിബിയും അവരുടെ ആരാധകരുമാവുമെന്നതില്‍ തര്‍ക്കമുണ്ടാവില്ല. സ്വപ്നതുല്യമായ സീസണ്‍ പാതിയില്‍ നിലയ്ക്കുമോയെന്ന ആശങ്കയിലായിരുന്നു ബെംഗളൂരുകാര്‍. 11 മത്സരങ്ങളില്‍ 16 പോയിന്റുള്ള ആര്‍സിബി ജയിച്ചാല്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാകും. മിന്നും ഫോമിന് ഇടവേളയും പരുക്കുകളും വിലങ്ങുതടിയാകുമോയെന്ന ആശങ്കയുണ്ട്. എന്നാല്‍ നാട്ടിലേക്ക് മടങ്ങിയ ജോഷ് ഹേസല്‍വുഡ് തിരിച്ചുവന്നത് നല്‍കുന്ന സന്തോഷത്തിന് അതിരുകളില്ല.

നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജീവന്മരണപ്പോരാട്ടമാണ്. തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷ അവസാനിപ്പിക്കാം. നിലവില്‍ 12 കളിയില്‍ 11 പോയിന്റാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ ജയപരാജയവും കൊല്‍ക്കത്തയുടെ കിരീടം കാക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണായകമാണ്.

കൊല്‍ക്കത്തയില്‍ നടന്ന സീസണ്‍ ഓപ്പണറില്‍ ഏഴ് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. ജയം തുടരാന്‍ ബെംഗളൂരുവും കണക്ക് തീര്‍ക്കാന്‍ കൊല്‍ക്കത്തയും ഒരുമ്പെട്ടിറങ്ങുമ്പോള്‍ ബാറ്റര്‍മാരുടെ പറുദീസയായ ചിന്നസ്വാമിയില്‍ മത്സരം പൊടിപൊടിക്കുമെന്നാണ് കരുതുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*