പശ്ചിമേഷ്യയിലേയ്‌ക്ക് ഇന്ന് 48 വിമാന സർവീസുകൾ; പ്രഖ്യാപനവുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും

ന്യൂഡൽഹി: ഇന്ന് പശ്ചിമേഷ്യയിലേയ്‌ക്ക് അധിക വിമാന സർവീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും. ഷെഡ്യൂൾ ചെയ്‌തതും അല്ലാത്തതുമായി 48 വിമാന സർവീസുകൾ നടത്തുമെന്ന് കമ്പനികൾ അറിയിച്ചു. ഷെഡ്യൂൾ ചെയ്‌ത സർവീസുകൾക്ക് പുറമേ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) യിലേക്കും സൗദി അറേബ്യയിലേക്കും 26 അധിക വിമാനസർവീസുകൾ നടത്തും. സ്ലോട്ടുകളുടെ ലഭ്യതയും പുറപ്പെടൽ സ്റ്റേഷനുകളിലെ വ്യവസ്ഥകളും അനുസരിച്ചായിരിക്കും ഇത്.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്ന് ജിദ്ദയിലേയ്‌ക്ക് 10 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. ബെംഗളൂരു, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിൽ നിന്ന് എയർഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകൾ നടത്തുന്നുണ്ട്. ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നുമായി എയർഇന്ത്യ റിട്ടേൺ സർവീസുകളും നടത്തും. കൂടാതെ, മസ്‌കറ്റിലേക്കും തിരിച്ചും എയർ ഇന്ത്യ എക്‌സ്പ്രസ് 12 വിമാനങ്ങൾ സർവീസുകൾ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്. ഡൽഹി, കണ്ണൂർ, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് ഓരോ സർവീസും കൊച്ചിയിൽ നിന്ന് രണ്ട് സർവീസും നടത്തുമെന്ന് എയർ ഇന്ത്യ പ്രസ്‌താവനയിൽ പറഞ്ഞു.

വിമാനങ്ങൾ പ്രസക്തമായ ഇന്ത്യൻ, പ്രാദേശിക നിയന്ത്രണ അധികാരികളുടെ ആവശ്യമായ അനുമതികളോടെയാണ് സർവീസ് നടത്തുന്നത്. വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ എയർ ഇന്ത്യ വിമാനങ്ങളും ഷെഡ്യൂൾ പ്രകാരം സർവീസ് തുടരുന്നുണ്ട്.

“എയർ ഇന്ത്യ ഗ്രൂപ്പ് ഷെഡ്യൂൾ ചെയ്‌ത സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ഏതെങ്കിലും റൂട്ടുകളിൽ യാത്ര ചെയ്യാൻ ബുക്ക് ചെയ്‌ത യാത്രക്കാർക്ക് അധിക നിരക്ക് ഈടാക്കാതെ മറ്റേതെങ്കിലും ഒരു തീയതിയിലേക്ക് സൗകര്യപ്രദമായി റീബുക്ക് ചെയ്യുകയോ അല്ലെങ്കിൽ പൂർണ്ണ റീഫണ്ട് തെരഞ്ഞെടുക്കുകയോ ചെയ്യാമെന്ന് പ്രസ്‌താവനയിൽ പറയുന്നു. എയർ ഇന്ത്യയുടെ യാത്രക്കാർക്ക് എയർലൈനിൻ്റെ വെബ്‌സൈറ്റിൽ കയറി വിമാനം റീബുക്ക് ചെയ്യുകയോ റദ്ദാക്കൽ അഭ്യർത്ഥനകൾ നൽകുകയോ ചെയ്യാവുന്നതാണ്.

യുഎഇയിലെ ഏത് സ്റ്റേഷനിൽ നിന്നും യാത്ര ചെയ്യാൻ ബുക്ക് ചെയ്‌ത എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർക്ക് എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ അധിക വാണിജ്യ വിമാനങ്ങളിൽ അധിക നിരക്കുകളില്ലാതെ സൗകര്യപ്രദമായി അവരുടെ വിമാനങ്ങൾ റീബുക്ക് ചെയ്യാൻ കഴിയുമെന്ന് പ്രസ്‌താവനയിൽ പറയുന്നു. ഈ പ്രധാന അറിയിപ്പുകൾ ലഭിക്കുന്നതിന് യാത്രക്കാർ അവരുടെ നിലവിലുള്ളതും സജീവവുമായ മൊബൈൽ നമ്പറുകൾ എയർലൈനിൽ അപ്‌ഡേറ്റ് ചെയ്യണമെന്ന് എയർലൈൻ അഭ്യർത്ഥിച്ചു.

ദുബായിലെ വിമാന സർവീസുകൾക്കുള്ള നിയന്ത്രണം മാർച്ച് 15 നും 17 നും ഇടയിൽ ഷെഡ്യൂൾ ചെയ്‌ത ചില സർവീസുകളെ ബാധിച്ചിട്ടുണ്ടെന്ന് ഇൻഡിഗോ നേരത്തെ അറിയിച്ചിരുന്നു. പശ്ചിമേഷ്യയിൽ വർധിച്ചു വരുന്ന സംഘർഷം കാരണം നിരവധി വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*