യാത്രികര്‍ക്ക് ആശ്വാസം; അധിക സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര യാത്രകൾക്കായി അധിക വിമാന സർവീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ച് എയർ ഇന്ത്യ. യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും മാർച്ച് 28 വരെ അധിക വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ലണ്ടൻ, ടൊറൻ്റോ, ഫ്രാങ്ക്ഫർട്ട്, സൂറിച്ച് തുടങ്ങിയ ഇടങ്ങളിലേക്കായി മാർച്ച് 19നും മാർച്ച് 28നും ഇടയിലായി 36 അധിക വിമാന സർവീസുകൾ നടത്തുമെന്നും എയർലൈൻ അറിയിച്ചു.

വിമാനത്തിൽ 10,000ത്തിലധികം സീറ്റുകൾ വർധിപ്പിക്കുമെന്നും കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിക്കുമെന്നും എയർലൈൻ കൂട്ടിച്ചേർത്തു. മാർച്ച് 10നും 18നും ഇടയിൽ 9 റൂട്ടുകളിലായി 78 അധിക വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എയർലൈനിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, അംഗീകൃത ട്രാവൽ ഏജൻ്റുമാർ എന്നിവ മുഖേന ബുക്കിങ് ചെയ്യാമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യാത്രക്കാരെ സഹായിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ നടപടികൾ സ്വീകരിക്കുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു.

ഇറാൻ സംഘർഷത്തെ തുടർന്ന് ഉണ്ടായ വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണം എയർലൈൻ ദീർഘദൂര റൂട്ടുകൾ തെരഞ്ഞെടുക്കാൻ നിർബന്ധിതരായതിനാൽ യൂറോപ്പ്, യുഎസ്, കാനഡ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യയുടെ ദീർഘദൂര വിമാനങ്ങളുടെ ഫ്ലൈറ്റ് ഡ്യൂട്ടി മാനദണ്ഡങ്ങളിൽ താത്‌കാലിക ഇളവുകൾ നേരത്തെ അനുവദിച്ചിരുന്നു. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ) ഇളവുകൾ നൽകിയത്.

അതേസമയം ഇന്ത്യയുടെ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ ഇൻഡിഗോ കഴിഞ്ഞ ആഴ്‌ച മാർച്ച് 16നും മാർച്ച് 28നും ഇടയിൽ പശ്ചിമേഷ്യയിലേക്കും തിരിച്ചും 252 പ്രതിവാര വിമാന സർവീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ കാലയളവിൽ ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കും തിരിച്ചുമായി പ്രതിവാരം 126 വിമാന സർവീസുകൾ നടത്തും. യുണൈറ്റഡ് അറബ് എമിറേറ്റുകളിലേക്ക് 98 വിമാന സർവീസുകളും ഒമാനിലേക്ക് 28 വിമാന സർവീസുകളും നടത്തും.

ദോഹ, കുവൈറ്റ്, ബഹ്‌റൈൻ, ദമ്മാം, ഫുജൈറ, റാസ് അൽ ഖൈമ, ഷാർജ എന്നിവയുൾപ്പെടെയുള്ള മേഖലയിലെ നിരവധി സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകൾ മാർച്ച് 28 വരെ നിർത്തിവയ്ക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. പശ്ചിമേഷ്യയിൽ വർധിച്ച് വരുന്ന സംഘർഷം കാരണം നിരവധി വിമാനക്കമ്പനികൾ സർവീസുകൾ കുറച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*