അമേരിക്ക ആക്രമണം അവസാനിക്കാതെ വെടിനിർത്തൽ ചർച്ചയ്ക്ക് തയ്യാറല്ല; നിലപാട് കടുപ്പിച്ച് ഇറാൻ

പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു.സമാധാന ചർച്ചകൾക്കായുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ശ്രമം തള്ളി ഡോണൾഡ് ട്രംപ്. അമേരിക്ക ആക്രമണം നിർത്താതെ ഒരു ചർച്ചയ്ക്കുമില്ലെന്ന് ഇറാനും നിലപാട് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറന്നുനൽകിയിട്ടുണ്ടെന്നും എന്നാൽ തങ്ങളെ ആക്രമിക്കുന്ന അമേരിക്കയ്ക്കും ഇസ്രയേലിനും അവിടെ പ്രവേശനമുണ്ടാകില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി.

കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കുറഞ്ഞത് ഇറാന്റെ നടപടി മൂലമല്ലെന്നും, മേഖലയിലെ അമേരിക്കൻ-ഇസ്രയേൽ ആക്രമണങ്ങൾ സൃഷ്ടിച്ച സുരക്ഷാ ഭീതി കാരണമാണെന്നും അരാഗ്‌ചി ആരോപിച്ചു. എന്നാൽ പല കപ്പലുകളും സുരക്ഷാ കാരണങ്ങളാൽ സ്വയം മാറിനിൽക്കുകയാണെന്നും ഹോർമുസ് കടലിടുക്ക് സംരക്ഷിക്കാൻ സഖ്യകക്ഷികൾ യുദ്ധക്കപ്പലുകൾ അയക്കണമെന്നും ട്രംപ് പ്രതികരിച്ചു.

അതേസമയം, ഇസ്രയേലുമായി സമാധാനചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ച് ലെബനോൺ രംഗത്തെത്തി.ഏതാനും ദിവസങ്ങൾക്കുള്ളിൽ സമാധാന ചർച്ച നടന്നേക്കും.ഹിസ്ബുല്ലയെ നിരായുധീകരിക്കണമെന്നാണ് ഇസ്രയേലിന്റെ നിബന്ധന.യുദ്ധം ആരംഭിച്ചശേഷം ഇസ്രയേലിൽ 14 പേർ കൊല്ലപ്പെട്ടെന്നും 2,745 പേർക്ക് പരുക്കേറ്റെന്നും ഇസ്രയേൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഖാർഗ് ഐലൻഡിന് നേരെയുണ്ടായ അമേരിക്കൻ ആക്രമണം മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ ഭാഗിക ഉപരോധം ഏർപ്പെടുത്തിയത് ആഗോള എണ്ണ വിപണിയെയും ബാധിക്കാൻ സാധ്യതയുണ്ട്. തങ്ങളുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും വെല്ലുവിളിയുയർത്തുന്ന രാജ്യങ്ങളെ ലക്ഷ്യം വെച്ചാണ് ഈ നീക്കമെന്നാണ് ഇറാന്റെ നിലപാട്.

Be the first to comment

Leave a Reply

Your email address will not be published.


*