മുംബൈ: ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ കടത്തിവിടാൻ അനുമതി നല്‍കി ഇറാന്‍. ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങള്‍ക്കാണ് ഇറാന്‍ അനുമതി നല്‍കിയത്. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെയാണ് അനുമതി നല്‍കിയതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി അറിയിച്ചത്.
‘ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാകിസ്ഥാൻ എന്നിവയുൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ ഞങ്ങൾ അനുമതി നൽകി’യെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ടെന്ന് മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ എക്‌സില്‍ പറഞ്ഞു. പേർഷ്യൻ ഗൾഫിനെ ഒമാൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന സുപ്രധാന സമുദ്ര ചോക്ക്‌പോയിന്‍റായ ഹോർമുസ് കടലിടുക്ക്. ഇസ്രയേലും അമേരിക്കയുമായുള്ള യുദ്ധത്തിന് പിന്നാലെയാണ് ഹോര്‍മുസ് കടലിടുക്ക് അടച്ചത്. ഇത് ലോക രാജ്യങ്ങളെ ഏറെ ആശങ്കയിലാക്കിയിരുന്നു. അതിന് കാരണമാകട്ടെ ആഗോള എണ്ണ ഉപഭോഗത്തിന്‍റെ 20 ശതമാനത്തിലധികവും ഇതുവഴിയാണ് കടന്നുപോകുന്നത്.
ഹോര്‍മുസ് കടലിടുക്ക് തുറന്നത് സംബന്ധിച്ചുള്ള ഏക്‌സ് പോസ്റ്റിന് പിന്നാലെ കടലിടുക്ക് അടച്ച് പൂട്ടല്‍ ലോകരാജ്യങ്ങള്‍ക്ക് തിരിച്ചടിയായത് സംബന്ധിച്ച് വിശദീകരണവുമായി യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് രംഗത്തെത്തി. ‘ഹോര്‍മുസ് കടലിടുക്ക് അടച്ചത് എണ്ണ, വാതകം, വളം എന്നീ ചരക്ക് നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. ഇത് കൃഷി അടക്കമുള്ള മേഖലകളില്‍ വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഇതെല്ലാം കുറയ്‌ക്കണമെങ്കില്‍ യുദ്ധം അവസാനിപ്പിക്കണമെന്നും അതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎസിനോടും ഇസ്രയേലിനോടും ഗുട്ടെറസ് അഭ്യർഥിച്ചു.
‘യുഎസിനും ഇസ്രയേലിനുമുള്ള എന്‍റെ സന്ദേശം, യുദ്ധം അവസാനിപ്പിക്കേണ്ട സമയമായി എന്നതാണ്. മനുഷ്യരുടെ ദുരിതം വർധിക്കുകയും സാധാരണക്കാരുടെ മരണ സംഖ്യ ഉയരുകയും ആഗോള സാമ്പത്തിക ആഘാതം കൂടുതൽ വിനാശകരമാവുകയും ചെയ്യുമ്പോൾ സംഘർഷത്തിൽ കക്ഷികളല്ലാത്തവരെ ആക്രമിക്കുന്നത് നിർത്തുക എന്നതാണ് ഇറാനുള്ള എന്‍റെ സന്ദേശം’ അദ്ദേഹം പറഞ്ഞു.
സൗഹൃദ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലെ യാത്ര അനുവദിക്കുമെന്ന് നേരത്തെ ന്യൂയോര്‍ക്കിലെ ഇറാനിയന് മിഷനും പറഞ്ഞിരുന്നു. ഇറാനെതിരെ ആക്രമണം നടത്തുകയോ ആക്രമണം നടത്തുന്ന രാജ്യങ്ങളെ പിന്തുണയ്‌ക്കാത്തവരോ ആയ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് വഴി ചരക്ക് നീക്കം സാധ്യമാക്കുമെന്ന് മിഷന്‍ എക്‌സില്‍ കുറിച്ചിരുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം ഇറാൻ ഉദ്യോഗസ്ഥരുമായുള്ള മുൻകൂർ ഏകോപനത്തെ ആശ്രയിച്ചിരിക്കുമെന്ന് ഇറാനിയൻ പ്രതിരോധ കൗൺസിലും അറിയിച്ചു.



Be the first to comment