ഇറാനില്‍ നിന്ന് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരും; തയ്യാറെടുപ്പുകളുമായി വിദേശകാര്യ മന്ത്രാലയം

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറെടുപ്പുകളുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരും. ഇതിനായുള്ള ഒരുക്കങ്ങള്‍ നടത്തി വരുന്നതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരും ഇറാനിലെ ഇന്ത്യന്‍ എംബസ്സിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി നിര്‍ദേശിച്ചതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ഈ സുപ്രധാന വിവരവും പുറത്തുവന്നിരിക്കുന്നത്.

ഇറാനില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുന്നതിനാല്‍ രജിസ്‌ട്രേഷന്‍ പ്രക്രിയകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഇറാനിലെ ഇന്ത്യന്‍ എംബസ്സിയുടെ പ്രതികരണം. മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴി തങ്ങളുടെ ഇറാനിലുള്ള ബന്ധുക്കള്‍ക്കായി തങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്ന് നിരവധി ഇന്ത്യക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇറാനിലുള്ള ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, ബിസിനസുകാര്‍, സഞ്ചാരികള്‍, തുടങ്ങിയവര്‍ കഴിയാവുന്ന മാര്‍ഗങ്ങളില്‍ ഇറാന്‍ വിട്ട് തിരികെയെത്തണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇറാനിലുള്ള ഇന്ത്യക്കാര്‍ക്കായി +98 9128109115, +98 9128109109, +98 9128109102, +98 9932 179359 എന്നീ ഹെല്‍പ്പ്‌ലൈന്‍ നമ്പരുകളും മന്ത്രാലയം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഇറാനിലെ പ്രക്ഷോഭങ്ങളില്‍ ഇതുവരെ പന്ത്രണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഇന്റര്‍നാഷണല്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാനിലെ പ്രക്ഷോഭകര്‍ക്ക് അമേരിക്കന്‍ സഹായം ഉടന്‍ എത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*