വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് വളരെ അത്യാവശ്യമായ കാര്യമാണ്. പകല്‍ സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കുമെങ്കിലും രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് വെള്ളം കുടിക്കേണ്ടതുണ്ടോ? അതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ്. രാത്രി ഉറങ്ങുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് പല ആരോഗ്യ ഗുണങ്ങളും നല്കുന്നുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
രാത്രിയിലെ നിര്‍ജ്ജലീകരണം തടയുന്നു
ഉറങ്ങുന്നതിന് മുന്‍പ് അല്‍പ്പം വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം വര്‍ധിപ്പിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് പകല്‍ സമയത്ത് ആവശ്യത്തിന് വൈളളം കുടിച്ചിട്ടില്ല എങ്കില്‍.
ശരീരത്തിലെ ചൂട് കുറയ്ക്കുന്നു
ശരീരത്തിലെ ചൂട് നിയന്ത്രിക്കുന്നതില്‍ വെള്ളത്തിന് നല്ലൊരു പങ്കുണ്ട്. ശരീരം ഉറക്കത്തിനായി തയ്യാറെടുക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് കൂടുതല്‍ സുഖകരമായ ഉറക്കം നല്കുന്നു.
ശരീരം ശുദ്ധിയാക്കുന്നു
ശരീരത്തിന്റെ സ്വാഭാവികമായ വിഷവിമുക്തമാക്കല്‍ പ്രക്രിയ നടത്താന്‍ രാത്രിയില്‍ വെള്ളം കുടിക്കുന്നത് നന്നായിരിക്കും. ഇങ്ങനെ ചെയ്യുന്നത് രക്തചംക്രമണം നിലനിര്‍ത്താനും പോഷകങ്ങള്‍ ശരീരത്തിന്റെ പലഭാഗങ്ങളില്‍ എത്തിക്കാനും മാലിന്യങ്ങള്‍ നീക്കം ചെയ്യാനും സഹായിക്കും.
മാനസികവും വൈകാരികവുമായ സപ്പോര്‍ട്ട് നല്‍കും
നിര്‍ജ്ജലീകരണം ഉണ്ടായാല്‍ മാനസികാവസ്ഥയില്‍ പല മാറ്റങ്ങളും സംഭവിച്ചേക്കാം. ദേഷ്യവും ചിന്തകളിലെ വ്യക്തത കുറയലുമൊക്കെ അതിന്റെ ലക്ഷണങ്ങളാണ്.PLOS oneല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ചെറിയ തോതിലുള്ള നിര്‍ജലീകരണം പോലും വൈകാരിക അവസ്ഥയേയും ഓര്‍മ്മ ശക്തിയേയും പ്രതികൂലമായി ബാധിച്ചേക്കാം. അതുകൊണ്ട് ഉറങ്ങുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും.
ഉറക്കത്തിന് മുന്‍പ് വെള്ളം കുടിക്കുന്നതില്‍ ദോഷമുണ്ടോ
ഉറക്കത്തിന് മുന്‍പ് വെള്ളം കുടിക്കുന്നത് ചിലപ്പോള്‍ മൂത്രമൊഴിക്കല്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കുന്നതുകൊണ്ട് ഉറക്കത്തിന്റെ ഗുണനിലവാരം കുറയുകയും അത് ഉറക്ക പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍, പ്രമേഹം എന്നിവയുള്ള ആളുകള്‍ രാത്രി വെള്ളം കുടിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത് രോഗലക്ഷണം വഷളാക്കുകയോ ഉറക്കത്തെ കൂടുതല്‍ തടസ്സപ്പെടുത്തുകയോ ചെയ്യും.
കിടക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ഉറങ്ങുംമുന്പുള്ള വെള്ളംകുടി അമിതമാകരുത്
- ഉറക്കം ശാന്തമാക്കാനുള്ള ദിനചര്യ ഉണ്ടാക്കുക. മൂക്കടപ്പ് ഉളളവരാണെങ്കില്‍ അല്‍പ്പം ചൂടുവെള്ളം കുടിച്ച ശേഷം കിടക്കുന്നത് ആശ്വാസം നല്‍കും
- പകല്‍സമയത്ത് നന്നായി വെള്ളംകുടിക്കുക.
- രാത്രി സമയത്ത് മദ്യം, കാപ്പി, ചായ എന്നിവ കഴിക്കുന്നത് കൂടുതല്‍ വെളളം കുടിക്കാന്‍ പ്രേരിപ്പിക്കും



Be the first to comment