കിടക്കുന്നതിന് മുന്‍പ് പഴം കഴിക്കുന്നത് ഉറക്കം കിട്ടാന്‍ നല്ലതാണോ?

രാത്രി കിടക്കുന്നതിന് മുൻപ് ഒരു പഴം കഴിക്കുന്നത് ഉറക്കം മെച്ചപ്പെടാന്‍ സഹായിക്കുമെന്ന് വളരെക്കാലമായി നമ്മള്‍ പറഞ്ഞു കേള്‍ക്കുന്നതാണ്. എന്നാൽ ശരിക്കും പഴത്തിന് നമ്മുടെ ഉറക്കത്തെ സ്വാധീനിക്കാനുള്ള കഴിവുണ്ടോ? ശരീരത്തെ വിശ്രമിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം, മ​ഗ്നീഷ്യം, വിറ്റാമിൻ ബി6 എന്നീ പോഷകങ്ങൾ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട് എന്നാതിനാലാണ് പഴം കഴിക്കുന്നത് ഉറക്കം കിട്ടാൻ നല്ലതാണെന്ന് പറയുന്നതിന് പിന്നിലെ കാരണം.

എന്നാൽ ഒരു വാഴപ്പഴം കഴിക്കുന്നതു കൊണ്ട് ലഭിക്കുന്ന പൊട്ടാസ്യം, മ​ഗ്നീഷ്യം, വിറ്റാമിൻ ബി6 പോഷകങ്ങളുടെ അളവ് ഒരു ദിവസം ശരീരത്തിന് ആവശ്യമായ ഈ പോഷകങ്ങളുടെ അളവിനോട് അടുത്തു വരില്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. ദിവസവും ശരീരത്തിന് ആവശ്യമായ പൊട്ടാസ്യത്തിന്‍റെ വെറും 10 ശതമാനം മാത്രമാണ് ഒരു പഴം കഴിക്കുന്നതു കൊണ്ട് ലഭ്യമാകുന്നത്.

മാനസികമായി ശാന്തത അനുഭവിക്കാനും ശരീരത്തെ വിശ്രമിക്കാനും സഹായിക്കുന്ന പോഷകമാണ് മ​ഗ്നീഷ്യം. എന്നാൽ ഒരു വാഴപ്പഴത്തിൽ വെറും 30 മില്ലി​ഗ്രാം മ​ഗ്നീഷ്യമാണ് അടങ്ങിയിട്ടുള്ളത്. ശരീരത്തിന് ദിവസേന 400 മില്ലി​ഗ്രാം മഗ്നീഷ്യം ആവശ്യമാണ്.

ശരീരത്തിലെ സെറാട്ടോണിൻ ഉൽപാദിക്കുന്നതിനും മാനസികാവസ്ഥ ക്രമീകരിക്കുന്നതിനും സഹായിക്കുന്ന പോഷകമാണ് വിറ്റാമിൻ ബി6. നമ്മുടെ ശരീരത്തിന് ദിവസവും 1.3 മില്ലി​ഗ്രാം വിറ്റാമിൻ ബി6 ആവശ്യമാണ്. എന്നാൽ ഒരു വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നത് വെറും 0.4 മില്ലി​ഗ്രാം മാത്രമാണ്. കൂടാതെ വേ​ഗം ഉറക്കം കിട്ടാനും വിറ്റാമിൻ ബി6 സ​ഹായിക്കുന്നു. എന്നാൽ വാഴപ്പഴത്തിൽ നിന്നുള്ള പോഷകങ്ങൾ ഉറക്കം ലഭിക്കാനുള്ള പോഷകങ്ങൾ വളരെ പരിമിതമായാണ് ലഭിക്കുന്നത്.

ധാരാളം പോഷകങ്ങൾ അടങ്ങിയ പഴം രാത്രി കിടക്കുന്നതിന് മുൻപ് കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. എന്നാൽ ഉറക്കത്തെ സ്വാധീനിക്കുന്നതിൽ ഇതിന് ഉത്തരവാദിത്വമില്ലെന്ന് ​വിദഗ്ധര്‍ പറയുന്നു. പ്രമേഹ​മുള്ളവർ വാഴപ്പഴം കഴിക്കുമ്പോൾ ശ്രദ്ധിക്കണം.

 

Be the first to comment

Leave a Reply

Your email address will not be published.


*