സവാളയുടെ പുറം തൊലി പൊളിക്കുമ്പോള്‍ ചുറ്റും കറുത്ത പൊടി പറ്റിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ആസ്പര്‍ഗിലസ് നൈജര്‍ എന്ന ഒരു തരം ഫംഗസ് ആണിത്. ഇത്തരം സവാള കയ്യിലെടുത്താൽ കൈകളിലും മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയിലും കട്ടിങ് ബോർഡിലുമെല്ലാം ഈ ഫംഗസ് പറ്റിപ്പിടിക്കും.
സമീപകാലത്ത് വിപണിയിൽ ഇത്തരം പൂപ്പൽ നിറഞ്ഞ സവാളകൾ എത്തുന്നത് വർധിക്കുന്നതിനെ കുറിച്ച് ഡോ. നന്ദിത അയ്യർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇത്തരം പൂപ്പൽ നിറഞ്ഞ സവാള ഉപയോഗിക്കുന്നത് സുരക്ഷിതമാണോ?
ചൂടും ഈർപ്പവും ഉള്ളയിടത്താണ് സാധാരണ ഫംഗസ് അഥവാ പൂപ്പൽ വളരുന്നത്. ഇത് കൂടാതെ പച്ചക്കറികളും പഴങ്ങളും ശരിയായ രീതിയിൽ അല്ല സംഭരിക്കുന്നതെങ്കിലും കൃത്യമായ വായുസഞ്ചാരം ഇല്ലാതാവുകയോ കൂടുതൽ കാലം സൂക്ഷിച്ചു വയ്ക്കുകയോ ചെയ്യുന്നതും ഫംഗസ് വളരാൻ കാരണമാകും.
- സവാളയിൽ ഇത്തരം ഫംഗസ് പുറം പാളിയെ മാത്രമാണ് ബാധിച്ചിരിക്കുന്നതെങ്കിൽ സവാളകൾ നന്നായി കഴുകി ഉപയോഗിക്കാം.
- ഫംഗസ് കൂടുതൽ ആഴത്തിൽ വ്യാപിച്ചിട്ടുണ്ടെങ്കിൽ സവാളയുടെ ശുദ്ധമായ പിങ്ക് കലർന്ന വെളുത്ത ഭാഗം കാണുന്നതു വരെ തൊലി കളയണം.
- സവാളയ്ക്ക് ദുർഗന്ധമോ വഴുവഴുപ്പോ ഘടനയിൽ വ്യത്യാസമോ തോന്നിയാൽ അത്തരം സവാള ഒഴിവാക്കുന്നതാണ് നല്ലത്.
- ഈ ഫംഗസ് ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന വിഷവസ്തുക്കളെ ഉത്പാദിപ്പിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
- പുറമെ പൂപ്പൽ പിടിച്ച സവാള മുറിച്ചതിന് ശേഷം കൈകളും കത്തിയും കട്ടിങ് ബോർഡും നന്നായി സോപ്പ് ഉപയോഗിച്ചു കഴുകണം. ഇല്ലെങ്കിൽ ഇവ മറ്റ് വസ്തുക്കളിലേക്ക് പടരുന്നതിന് കാരണമാകും.



Be the first to comment