ജെമിനിയെ പരിശീലിപ്പിക്കാൻ ജി മെയിൽ വിവരങ്ങൾ ചോർത്തിയോ? വിശദീകരണവുമായി ഗൂഗിൾ

എ ഐ മോഡലായ ജെമിനിയെ പരിശീലിപ്പിക്കുന്നതിനായി ഉപഭോക്താക്കളുടെ ജി മെയിൽ വിവരങ്ങൾ ചോർത്തുന്നതായുള്ള വാർത്തകളോട് പ്രതികരിച്ച് ഗൂഗിൾ. സംഭവുമായി ബന്ധപ്പെട്ട് നടക്കുന്നത് തെറ്റായ പ്രചാരമാണെന്നും എ ഐ പരിശീലനത്തിനായി സ്വകാര്യ വിവരങ്ങൾ കമ്പനി ഉപയോഗിക്കുന്നില്ലെന്നും ഗൂഗിൾ വ്യക്തമാക്കി.

ജിമെയിലിനുള്ളിലെ സ്വകാര്യ സന്ദേശങ്ങളും അറ്റാച്ചുമെന്റുകളും ഗൂഗിൾ അതിന്റെ AI മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്നുണ്ടെന്നും അതിനാൽ വിവരങ്ങൾ സംരക്ഷിക്കുന്നതിനായി സ്‌മാര്‍ട്ട്‌ ഫീച്ചറുകള്‍ ഓഫാക്കണമെന്നും കഴിഞ്ഞ ദിവസം ഒരു യു ട്യൂബ് ഇൻഫ്ലുൻസർ എക്‌സിൽ കുറിച്ചിരുന്നു. ഇതിനോടൊപ്പം മാൽവെയർബൈറ്റ്സും ഇതേ കാര്യം റിപ്പോർട്ട് ചെയ്തതോടെയാണ് സംഭവം വലിയ ആശങ്കകൾക്കും ചർച്ചകൾക്കും കാരണമായത്. നിരവധി പോസ്റ്റുകളും കമന്റുകളും ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ കമ്പനി തന്നെ രംഗത്തെത്തി.

‘ ജെമിനി AI മോഡലിനെ പരിശീലിപ്പിക്കാൻ നിങ്ങളുടെ ജി മെയിൽ ഉള്ളടക്കം ഞങ്ങൾ ഉപയോഗിക്കുന്നില്ല. കമ്പനിയുടെ നിബന്ധനകളിലും നയങ്ങളിലും ഇതുവരെ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും അങ്ങനെ ഉണ്ടായാൽ അത് ഉപഭോക്താക്കളെ അറിയിക്കുമെന്നും ഗൂഗിൾ പറഞ്ഞു. ജി മെയിലിന്റെ എക്സ് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. ജെമിനിയും ജി മെയിലും തമ്മിൽ വ്യത്യാസമുണ്ടെന്നും രണ്ടും രണ്ടായി തന്നെ കാണണമെന്നും അവർ വ്യക്തമാക്കി.

എന്നാൽ വിശദീകരണവുമായി ഗൂഗിൾ എത്തിയിട്ടും ഉപഭോക്താക്കളുടെ ആശങ്കകൾ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും മെയിൽ ചാറ്റ് ,ഗൂഗിൾ മീറ്റ് എന്നിവയിലേക്ക് ജെമിനിക്ക് ആക്സസ് നൽകിയത് സ്വകാര്യത ലംഘനമാണെന്നും പലരും അഭിപ്രായപെട്ടതായി നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*