
ഭക്ഷണ പ്രേമികളായ മലയാളികൾ അറിഞ്ഞോണ്ടു ചെന്നു വീഴുന്ന ‘കുഴി’യാണ് കുഴിമന്തിയുടെ രുചിക്കൂട്ട്. ആ രുചി ഒരിക്കൽ നാവിൽ ചെന്നുപെട്ടാൽ പിന്നെ എപ്പോഴും അടുപ്പിച്ചു നിർത്തും. യമനിൽ നിന്നാണ് മന്തിയുടെ വരവ്. രണ്ടു മീറ്റർ ആഴമുള്ള ഇഷ്ടിക കൊണ്ട് കെട്ടിയ 40 ഇഞ്ച് വ്യാസമുള്ള കുഴിയിലെ കനലിൻ്റെ ചൂടിൽ ഏതാണ്ട് ഒന്നര-രണ്ട് മണിക്കൂർ വേവിച്ചാണ് മന്തി ഉണ്ടാക്കുന്നത്. ബിരിയാണി വാഴുന്ന കേരളത്തിൽ മന്തി ഒരു മന്ത്രി കുമാരനാണെന്ന് വിശേഷിപ്പിക്കാം.
അമിതമായ എണ്ണമയതോ മസാലയോ മന്ത്രിയിൽ ചേർക്കാറില്ല. മന്തിയെ മറ്റുള്ള വിഭവങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതും ആരോഗ്യ പ്രദമാക്കുന്നതും ഇതാണ്. ഇറച്ചിയിൽ നിന്നൊലിച്ചിറങ്ങുന്ന കൊഴുപ്പാണ് മന്തിയുടെ എണ്ണ. കുഴിയിലെ കനലും ചൂടുമാണ് മന്തിക്ക് വേവ് പകരുന്നത്. കുഴിയിലേക്കിറക്കിവെക്കുന്ന ചെമ്പിലേക്ക് വേവിച്ച അരിയും അൽപസ്വൽപം മസാലയുമെല്ലാം ചേർത്ത ശേഷമാണ് ചിക്കനോ മട്ടനോ പ്രയോഗിക്കേണ്ടത്. വെന്ത കോഴിയും ആടും റൈസിൽ പൂഴ്ത്തിവെച്ചശേഷം ചെമ്പിന് മൂടിയിടും.
കനലിൻ്റെ ചൂട് പതിയെ പതിയെ ഉള്ളിലേക്ക് പടർന്നു തുടങ്ങുമ്പോൾ ചിക്കനിൽ നിന്നുള്ള കോഴുപ്പ് ഒലിച്ചിറങ്ങും. അവിടെ തുടങ്ങുകയായി മന്തിയുടെ രുചിയുടെ രസതന്ത്രം. ഒന്നര മണിക്കൂറാണ് മന്ത്രി വേവാനെടുക്കുന്ന സാധാരണ സമയം. കുഴിയിലെ കനലിൻ്റെ അളവാണ് ഇതെല്ലാം നിശ്ചയിക്കുന്നത്.
മന്ത്രി പാകമായാൽ കുഴിയിൽ നിന്നെടുത്ത് 15 മിനിറ്റോളം ഇളക്കിയും മറ്റ് പാത്രങ്ങളിലേക്ക് പകർത്തിയുമൊക്കെയാണ് മന്തി മിക്സ് ചെയ്യുന്നത്. നന്നായി വെന്ത ചോറിനും ചിക്കനുമൊപ്പം അനുസാരി വേഷത്തിൽ തക്കാളി ചട്നിയും മയോണൈസുമാണു വരിക. കാബേജ് അടങ്ങുന്ന സാലഡും ചേർന്നാൽ സംഗതി റെഡി.
ബിരിയാണി പോലുള്ള അരി വിഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അധികം എരിവും മസാലയുമില്ലാത്ത ഭക്ഷണമാണ് മന്തി. അജ്നാമോട്ടോ പോലുള്ള അഡിക്റ്റീവുകളോ മന്തിയിൽ ഉപയോഗിക്കാത്തതു കൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് സുരക്ഷിതമാണ്.
Be the first to comment