ഉരുളക്കിഴങ്ങ് വിഭവങ്ങൾ നമ്മുടെ വീടുകളിൽ വളരെ സാധാരണമാണ്. അതുകൊണ്ട് തന്നെ എപ്പോഴും അടുക്കളയിൽ ഉരുളക്കിഴങ്ങ് സ്റ്റോക്ക് ഉണ്ടാകും. എന്നാൽ ഇതിൽ ചിലതിലൊക്കെ ദിവസങ്ങൾ കഴിയുമ്പോഴേക്കും മുളപൊട്ടും. അത് പലരും കാര്യമാക്കാറില്ല.
മുള നീക്കിയ ശേഷം ഉരുളക്കിഴങ്ങ് കറിവയ്ക്കാൻ ഉപയോഗിക്കും. ഇത്തരത്തിൽ മുളവന്ന ഉരുളക്കിഴങ്ങ് കഴിക്കുന്നത് സുരക്ഷിതമാണോ? മുളപൊട്ടിയ ഉരുളക്കിഴങ്ങിൽ സോളനൈൻ, ചാക്കോണൈൻ എന്നിങ്ങനെ രണ്ട് ഗ്ലൈക്കോ ആൽക്കലോയിഡ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.
ഈ രണ്ട് സംയുക്തങ്ങളും അമിതമായി കഴിച്ചാൽ ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇതിൽ നേരിയ തോതിൽ വിഷാംശ അടങ്ങിയതാണ്. ഗ്ലൈക്കോ ആൽക്കലോയിഡ് അമിതമാകുന്നത് ഛർദി, വയറിളക്കം, വയറുവേദന, തലവേദന, പനി, വേഗത്തിലുള്ള നാഡിമിടിപ്പ്, കുറഞ്ഞ രക്തസമ്മർദം, മറ്റ് പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.
മാത്രമല്ല, ഉരുളക്കിഴങ്ങിൽ മുളവരുന്നതോടെ പോഷകമൂല്യവും കുറഞ്ഞു തുടങ്ങും. മുളപ്പിച്ചതോ പച്ച നിറമായോ മാറിയ ഉരുളക്കിഴങ്ങ് ഒഴിവാക്കുന്നതാണ് നല്ലത്. ഉരുളക്കിഴങ്ങളിൽ മുള വരാതെ സൂക്ഷിക്കാൻ, അവ ഒരുപാട് വാങ്ങിക്കൂട്ടാതിരിക്കുന്നതാണ് നല്ലത്. ഒന്നോ രണ്ടോ ആഴ്ച മാത്രം ഉപയോഗിക്കാവുന്ന അളവിൽ മാത്രം വാങ്ങി തണുത്തതും ഇരുണ്ടതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുക.
ഉരുളക്കിഴങ്ങ് കൂടുതൽ കാലം ഫ്രഷായിരിക്കാൻ..
- ഉരുളക്കിഴങ്ങ് വാങ്ങുമ്പോൾ അതിന് പുറമെയുള്ള മണ്ണ് തട്ടിക്കളയാതിരിക്കുക. ഇത് ഉരുളക്കിഴങ്ങിന് സംരക്ഷണ കവചമായി പ്രവർത്തിക്കുകയും കൂടുതൽ ഫ്രഷ് ആയി സൂക്ഷിക്കുകയും ചെയ്യും.
- നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഉരുളക്കിഴങ്ങിന്റെ തൊലി പച്ചനിറമാകാനും വിഷാംശമായ സൊളാനിൻ ഉണ്ടാകാനും കാരണമാകും.
- ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്.
- ഉള്ളി എഥിലിൻ ഗ്യാസ് പുറത്തുവിടുന്നു. ഈ വാതകം ഉരുളക്കിഴങ്ങ് പെട്ടെന്ന് മുളയ്ക്കാൻ കാരണമാകും. അതിനാൽ, ഉള്ളിയും ഉരുളക്കിഴങ്ങും അകലം പാലിച്ച് സൂക്ഷിക്കുക.
- പ്ലാസ്റ്റിക് കവറുകൾ ഈർപ്പം ഉള്ളിൽ നിലനിർത്തി വേഗത്തിൽ കേടാകാൻ വഴിവെക്കും. വായു സഞ്ചാരം ലഭിക്കുന്ന പേപ്പർ ബാഗുകളിലോ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.



Be the first to comment