ലക്ഷ്യം വെനസ്വേലയിലെ എണ്ണ സമ്പത്തോ?; നാടകീയ നീക്കങ്ങളുമായി അമേരിക്ക

വെനസ്വേല ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യമാണ്, എണ്ണ വരുമാനത്തെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വെനസ്വേലയുടെ എണ്ണ ഒഴുക്കിനെ പൂർണമായും നാവികഉപരോധത്തിലൂടെ തടയാൻ അമേരിക്ക ശ്രമിച്ചിരുന്നു. അമേരിക്കയുടെ ഉപരോധങ്ങൾ വെനസ്വേലയുടെ എണ്ണ വ്യവസായത്തെ തളർത്തിയിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് ആരോപണങ്ങളെത്തുടർന്ന് അമേരിക്ക വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ഭരണകൂടത്തിനെതിരെ നടപടികൾ സ്വീകരിക്കുകയും മയക്കുമരുന്ന് കടത്തെന്ന് ആരോപിച്ച് നിരവധി കപ്പലുകൾ അമേരിക്ക അവിടെ തകർക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു മാസമായി അമേരിക്കയുടെ സൈനിക സാന്നിധ്യം കരീബിയൻ കടലിൽ ഉണ്ടായിരുന്നു.

വെനസ്വേലയുടെ എണ്ണയുടെ അക്ഷയഖനി, അതുമായി ബന്ധപ്പെട്ട തോട്ടം മേഖലയും സൈനിക ശക്തി ഉപയോഗിച്ച് പിടിച്ചെടുത്ത് അമേരിക്കൻ കോർപ്പറേറ്റുകളുടെ ഭാഗമാക്കുക എന്ന നയമാണ് നിലവിൽ ഡൊണാൾഡ് ട്രംപ് പ്രാവർത്തികമാക്കികൊണ്ടിരിക്കുന്നതെന്ന് വിദേശകാര്യ വിദഗ്‌ധൻ പി ജെ വിൻസെന്റ്  പറഞ്ഞു. അതിനായി വെനസ്വേലയിലെ പ്രതിപക്ഷനേതാവിന്റെ പിന്തുണയും അമേരിക്കയ്ക്കുണ്ട്. സൈനിക താവളങ്ങളിലടക്കം അമേരിക്കൻ സൈന്യം ആക്രമണം അഴിച്ചുവിടുകയാണ്.

അതേസമയം, തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ വ്യോമാക്രമണം നടത്തിയ അമേരിക്ക, പ്രസിഡന്റ് നിക്കോളാസ് മഡൂറയേയും ഭാര്യ സീലിയ ഫ്ലോറസിനെയും ബന്ദിയാക്കുകയായിരുന്നു. അമേരിക്കൻ സേനയായ ഡെൽറ്റ ഫോഴ്സ് ഇരുവരെയും രാജ്യത്തിന് പുറത്തേയ്ക്ക് കൊണ്ടുപോയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. വെനസ്വലയ്ക്ക് നേരെ അമേരിക്കൻ കരയാക്രമണം തുടരുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*