‘സ്ത്രീകളുടെ അമിത സ്വാതന്ത്ര്യം സമൂഹത്തിന് ദോഷം; ഇടപെടേണ്ടത് മത പണ്ഡിതരുടെ കടമ’

സ്ത്രീകള്‍ക്ക് അമിതമായി സ്വാതന്ത്ര്യം നല്‍കുന്നത് സമൂഹത്തിന് ദോഷം ചെയ്യുമെന്ന് ആവര്‍ത്തിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. രാഷ്ട്രീയ ആഘോഷങ്ങളിലും പ്രക്ഷോഭങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം പരാമര്‍ശിച്ചാണ് കാന്തപുരത്തിന്റെ പ്രതികരണം. രാഷ്ട്രീയ, പ്രക്ഷോഭ മേഖലകളില്‍ സ്ത്രീകള്‍ സാന്നിധ്യം ആവശ്യമില്ലെന്നാണ് ഇസ്ലാമിക വീക്ഷണം. തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷമുള്ള വിജയാഘോഷങ്ങള്‍ ചില സ്ഥലങ്ങളില്‍ അതിരുവിടുന്ന നിലയുണ്ടായെന്നും ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍  കാന്തപുരം ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകള്‍ നിയന്ത്രണമില്ലാത്തവരാകരുത്. അത് സമൂഹത്തിന് നാശമുണ്ടാക്കും. ഇക്കാര്യം നേരത്തെയും മുസ്ലീം പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. അത് ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അത് തുടര്‍ന്നും ഉണ്ടാകും, അല്ലാത്ത പക്ഷം രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഈ വിഷയത്തില്‍ മുസ്ലീം നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ഇതില്‍ ഇടപെടേണ്ടത് മത പണ്ഡിതരുടെ കടമയാണെന്നും കാന്തപുരം ആവര്‍ത്തിക്കുന്നു.

അതേസമയം, സ്ത്രീ വിദ്യാഭ്യാസം ഉള്‍പ്പെടെ മുസ്ലീം സമുദായത്തിന് അകത്ത് നവോഥാനം കൊണ്ടുവന്നത് തങ്ങളാണെന്ന മുജാഹിദ് വിഭാഗങ്ങളുടെ അവകാശവാദത്തെ കാന്തപുരം തള്ളി. സുന്നികള്‍ ചെയ്ത കാര്യങ്ങളില്‍ അവകാശവാദം ഉന്നയിച്ചുകൊണ്ട് ജനങ്ങളുടെ പിന്തുണ നേടാന്‍ കഴിയുമെന്ന് അവര്‍ കരുതുന്നു. ഇത്തരം അവകാശവാദങ്ങള്‍ അവരുടെ നിലനില്‍പ്പിന്റെ ഭാഗമാണ്. മുസ്ലീം സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുക എന്നല്ലാതെ മറ്റൊന്നും അവര്‍ കൊണ്ടുവന്നിട്ടില്ലെന്നും കാന്തപുരം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിക്കും സമൂഹത്തില്‍ സ്വീകാര്യതയില്ലെന്നും കാന്തപുരം ചൂണ്ടിക്കാട്ടുന്നു. ജമാഅത്തെ ഇസ്ലാമിക്ക് സമൂഹത്തില്‍ സ്വീകാര്യത ലഭിക്കാന്‍ സാധ്യതയില്ല. മുന്‍കാലങ്ങളില്‍, അവര്‍ വോട്ട് ചെയ്യുന്നതിനെതിരെ സംസാരിച്ചു, ഇപ്പോള്‍ അവര്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നു. ആളുകള്‍ ഈ മാറ്റം അംഗീകരിക്കില്ല. എന്നാല്‍ എല്ലാത്തിനും ഞങ്ങള്‍ ജമാഅത്തെ ഇസ്ലാമിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും കാന്തപുരം പറയുന്നു. സിപിഎമ്മിന്റെ ജമാഅത്തെ ഇസ്ാമി വിമര്‍ശനങ്ങള്‍ പരാമര്‍ശിച്ചായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം. കേരള മുസ്ലീം ജമാഅത്ത് സമസ്തയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ വേദിയല്ലെന്നും കാന്തപുരം വ്യക്തമാക്കുന്നു. പുതിയ സംഘടന പഴയ തലമുറയ്ക്ക് മുസ്ലീം ജമാഅത്തിലെ യുവാക്കളോടൊപ്പം പ്രവര്‍ത്തിക്കാനുള്ള വേദിയാണെന്നാണ് വിശദീകരണം.

Be the first to comment

Leave a Reply

Your email address will not be published.


*