ഇസ്രയേൽ -ഹമാസ് ആദ്യ ദിന ചർച്ചകളിൽ ശുഭ പ്രതീക്ഷ. യുദ്ധം അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. നോബേൽ സമ്മാനത്തിന് ട്രംപിനെക്കാൾ സംഭാവന നൽകിയ മറ്റൊരു നേതാവില്ലെന്ന് ഗസയിലെ ബന്ദികളുടെ കുടുംബങ്ങളുടെ കൂട്ടായ്മ പ്രതികരിച്ചു.
വെടിനിർത്തൽ പദ്ധതിയുടെ ആദ്യഘട്ടം ഉടൻ നടപ്പാക്കണമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം.ഈജിപ്തും ഖത്തറുമാണ് മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്.അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാറിന്റെ ആദ്യഘട്ടം നടപ്പാക്കാനുള്ള ചർച്ചകളാണ് ഈജിപ്തിലെ ഷാം- അല്‍ -ശൈഖില്‍ തുടരുന്നത്.
ഖത്തറിൽ ഇസ്രായേൽ വധിക്കാൻ ശ്രമിച്ച മുതിർന്ന നേതാവ് ഖലീൽ അൽഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹമാസിനെ പ്രതിനിധാനം ചെയ്യുന്നത്. നയകാര്യ മന്ത്രി റോൺ ഡെർമറാണ് ഇസ്രായേൽ സംഘത്തെ നയിക്കുന്നത്. ചർച്ചയിൽ പുരോഗതിയുണ്ടെന്നും നടപടികൾ വേഗത്തിലാക്കണമെന്നും ഡോണൾഡ് ട്രംപ് നിർദേശിച്ചു. ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ജാരെദ് കുഷ്നറും ഈജിപ്തിലുണ്ട്.
ബന്ദി മോചനം ,ജയിലിലടക്കപ്പെട്ട പലസ്തീനികളുടെ വിട്ടയക്കൽ,ഗസ്സയിലെ സൈനിക പിന്മാറ്റം എന്നിവ സംബന്ധിച്ചാണ് ഒന്നാംഘട്ട ചർച്ച. ആക്രമണം നിർത്തണമെന്ന് അറിയിച്ചിട്ടും ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നതിനെതിരെ ഹമാസ് പ്രതിനിധികൾ ശക്തമായ പ്രതിഷേധം അറിയിച്ചു.
ചർച്ച അനിശ്ചിതമായി നീളുകയാണെങ്കിൽ ശക്തമായ ആക്രമണം ഉണ്ടാകുമെന്നാണ് ഇസ്രയേൽ ഭീഷണി. അതിനിടെ ജോർദാൻ രാജാവ് ഡോണൾഡ് ട്രംപിനെ ഫോണിൽ വിളിച്ച സ്ഥിതിഗതികൾ വിലയിരുത്തി.ഇസ്രയേലും ഹമാസും മധ്യസ്ഥ രാജ്യങ്ങളും തമ്മിലെ ചർച്ച ഇന്നും തുടരും.



Be the first to comment