ഗസയിൽ നിന്ന് പലായനം ചെയ്യുന്നവർക്കായി 48 മണിക്കൂർ നേരത്തേക്ക് താത്ക്കാലിക പാത തുറന്ന് നൽകി ഇസ്രയേൽ

വടക്കൻ ഗസയിൽ നിന്നും തെക്കൻ ഗസയിലേക്ക് പലായനം ചെയ്യുന്നവർക്കായി താത്ക്കാലിക പാത തുറന്നതായി ഇസ്രയേൽ. സല അൽ ദിൻ തെരുവിലൂടെയുള്ള ഗതാഗത പാത 48 മണിക്കൂർ നേരത്തേക്കാണ് തുറന്നത്. നേരത്തെ അൽ റാഷിദ് തീരദേശ പാത മാത്രമായിരുന്നു പലായനത്തിനായി തുറന്നിരുന്നത്. എന്നാൽ അൽ റാഷിദ് പാതയിലൂടെയുള്ള ജനങ്ങളുടെ തിരക്ക് അന്താരാഷ്ട്ര വിമർശനങ്ങൾക്കടക്കം വഴിവെച്ചിരുന്നു. തെക്കന്‍ ഗസയിലെ അല്‍മവാസിയിലേക്കാണ് ജനങ്ങള്‍ നീങ്ങുന്നത്. ഇന്നലെ മാത്രം രണ്ടു ലക്ഷം പേരാണ് ഗസ സിറ്റി വിട്ടത്.

ഗസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഇന്ന് 33 പേരാണ് കൊല്ലപ്പെട്ടത്. നെഗേവ് മരുഭൂമി പ്രദേശത്തെ അൽ സിർ ഗ്രാമത്തിലെ 40 വീടുകൾ ഇസ്രയേൽ തകർത്തു. ബ്രിട്ടീഷ് എം പിമാർക്ക് അധിനിവേശ വെസ്റ്റ് ബാങ്കിലേക്ക് ഇസ്രയേൽ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർ സ്റ്റാൻഡിങ്ങിൻ്റെ ഭാഗമായി എത്തിയ ബ്രിട്ടീഷ് എം പിമാരെയാണ് തടഞ്ഞത്. മാത്രമല്ല ഗസയിലെ ആശുപത്രികളിലേക്ക് ഇന്ധനമെത്തിക്കാനുള്ള ലോകാരോഗ്യസംഘടനയുടെ നീക്കവും ഇസ്രയേൽ തടഞ്ഞു. ആശുപത്രികളിലേക്കുള്ള ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഇന്ധനമാണ് തടഞ്ഞത്. ഇതോടെ ആരോഗ്യസേവനങ്ങൾ പൂർണമായും നിശ്ചലമാകുമെന്നാണ് ഗസ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

അതേസമയം, ഗസ പിടിച്ചെടുക്കുന്നതിന് ഇസ്രയേലിൻ്റെ കരയാക്രമണവും കനത്ത ബോംബാക്രമണവും തുടരുകയാണ്. ആക്രമണത്തിന് പിന്നാലെ വടക്കന്‍ ഗസയില്‍ നിന്ന് ജനങ്ങള്‍ കൂട്ടപലായനം നടത്തുകയാണ്. എണ്‍പതോളം പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഗസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തിയെന്ന യുഎന്‍ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് ഇസ്രയേല്‍ തള്ളി.

Be the first to comment

Leave a Reply

Your email address will not be published.


*