30 പലസ്തീന്‍ തടവുകാരുടെ മൃതദേഹങ്ങള്‍ കൈമാറി ഇസ്രയേല്‍; മൃതദേഹങ്ങളില്‍ പീഡനങ്ങളുടെ അടയാളങ്ങള്‍; തിരിച്ചറിയാനാകുന്നില്ലെന്ന് ബന്ധുക്കള്‍

30 പലസ്തീന്‍ തടവുകാരുടെ മൃതദേഹങ്ങള്‍ ഗസ്സയ്ക്ക് കൈമാറി ഇസ്രയേല്‍. പീഡനത്തിന്റെ അടയാളങ്ങള്‍ മൃതദേഹങ്ങളിലുള്ളതായാണ് സൂചന. ഒക്ടോബര്‍ ഏഴ് ആക്രമണത്തിനിടെ ഇസ്രയേലില്‍ വച്ച് കൊല്ലപ്പെട്ടവരുടെ മൃതദേഹമാണോ കൈമാറിയതെന്ന് വ്യക്തമായിട്ടില്ല. മൃതദേഹങ്ങളില്‍ പലതിലും ആഴത്തിലുള്ള മുറിവുകളും പൊള്ളലേറ്റതിന്റെ അടയാളങ്ങളും വധശിക്ഷ നടപ്പിലാക്കിയതിന്റെ ലക്ഷണങ്ങളും കാണാമെന്ന് ആരോഗ്യപ്രവര്‍ത്തകരെ ഉദ്ധരിച്ചുകൊണ്ട് ദി നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പല മൃതദേഹങ്ങളുടേയും കൈകള്‍ ബന്ധിച്ച നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പലരുടേയും കണ്ണുകള്‍ മൂടിക്കെട്ടിയ നിലയിലാണ്. പലരുടേയും മൃതദേഹങ്ങള്‍ വികൃതമാക്കിയതിനാല്‍ ബന്ധുക്കള്‍ക്ക് കൃത്യമായി തിരിച്ചറിയാന്‍ പോലുമാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ ഏഴ് ആക്രമണത്തിന് പിന്നാലെ പിടികൂടിയവരുടെ മൃതദേഹങ്ങളാണ് കൈമാറിയതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. 225 പലസ്തീനികളുടെ മൃതദേഹങ്ങളാണ് ഇസ്രയേല്‍ ഇതുവരെ ഗസ്സയ്ക്ക് കൈമാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ട് ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടി ഹമാസ് ഇസ്രയേലിന് കൈമാറിയിരുന്നു.

അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് തുടര്‍ച്ചയായി നാലാം ദിവസവും ഗസ്സയില്‍ ഇസ്രയേല്‍ ആക്രമണം നടക്കുകയാണെന്ന് റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസിലും വടക്കന്‍ ഗസ്സയുടെ പരിസരങ്ങളിലും ഇസ്രയേലിന്റെ വ്യോമാക്രമണവും വെടിവയ്പ്പും തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ഗസ്സയിലെ ഷുജയയിലും ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിലും നടന്ന ആക്രമണത്തില്‍ മൂന്നു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ രണ്ടു ദിവസം മുമ്പ് പുനരാരംഭിച്ചുവെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുതലുള്ള ഇസ്രയേല്‍ ആക്രമണങ്ങളില്‍ 52 കുട്ടികളടക്കം 111 പേരാണ് ഗസയില്‍ കൊല്ലപ്പെട്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*