ഇറാനിലെ സ്കൂളിൽ ഇസ്രയേൽ ആക്രമണം: 40 വിദ്യാർഥികൾ കൊല്ലപ്പെട്ടു

ഇറാനിലെ സ്കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 40 വിദ്യാർഥികൾ കൊല്ലപ്പെട്ടു. മിനാബിലെ സ്കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഐആർജിസി‌യ്ക്ക് മിനാബിൽ സൈനിക കേന്ദ്രമുണ്ട്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കൊട്ടാരം തകർന്നെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖമനയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇറാൻ സൈനിക മേധാവി അമീർ ഹതാമി കൊല്ലപ്പെട്ടെന്ന് ഇസ്രയേലിന്റെ അവകാശവാദം. ഇറാനിൽ ഭരണമാറ്റം അനിവാര്യമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു.

ഇറാന് നേരെ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണമാണ് ഇന്ന് നടന്നത്. തിരിച്ചടിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേലിലേക്കും ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലേക്കും ഇറാൻ മിസൈലുകൾ തൊടുത്തു.

ഇസ്രയേലിൽ അടിയന്തരാവസ്ഥ. യുഎഇ-യിലും ഖത്തറിലും ബഹ്റൈനിലും കുവൈറ്റിലും ആക്രമണം. അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. നിരവധി മിസൈലുകൾ തകർത്തെന്ന് യുഎഇയും ഖത്തറും അറിയിച്ചു. ഇറാൻ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു.

ഇറാൻ ഭരണാധികാരികളുടെ കേന്ദ്രങ്ങൾ, പ്രതിരോധ മന്ത്രാലയം, സൈനിക കേന്ദ്രങ്ങൾ ഇവ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ടെഹ്റാനിൽ ഏഴിടങ്ങളിൽ ഉഗ്രസ്ഫോടനങ്ങൾ ഉണ്ടായി. തൊട്ടുപിന്നാലെ ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്സിന്റെ സ്ഥിരീകരണം എത്തി.

രാജ്യത്തിൻറെ നിലനിൽപ്പിന് ഭീഷണിയുള്ളതിനാലാണ് ആക്രമണമെന്നും ഇറാനിലെ ജനങ്ങൾക്കെതിരെയല്ല ആക്രമണമെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി വ്യക്തമാക്കി . ഇസ്രയേൽ അമേരിക്ക സംയുക്ത ആക്രമണമാണ് ഉണ്ടായതെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് എട്ട് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലൂടെ വ്യക്തമാക്കി . ഇറാൻറെ ആണവശേഖരം ലോകത്തിന് ഭീഷണിയാണ് ,ഭരണമാറ്റമാണ് ലക്ഷ്യമിടുന്നതെന്നും ട്രംപ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*