ഗസ പിടിച്ചെടുക്കുന്നതിന് ഇസ്രയേലിൻ്റെ കരയാക്രമണം തുടരുന്നു; എണ്‍പതോളം പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു

ഗസ പിടിച്ചെടുക്കുന്നതിന് ഇസ്രയേലിൻ്റെ കരയാക്രമണവും കനത്ത ബോംബാക്രമണവും തുടരുന്നു. ആക്രമണത്തിന് പിന്നാലെ വടക്കന്‍ ഗസയില്‍ നിന്ന് ജനങ്ങള്‍ കൂട്ടപലായനം നടത്തുകയാണ്. എണ്‍പതോളം പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഗസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തിയെന്ന യുഎന്‍ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് ഇസ്രയേല്‍ തള്ളി.

പലായനം ചെയ്യാന്‍ ഇസ്രയേല്‍ അനുവദിച്ചിരിക്കുന്നത് അല്‍-റാഷിദ് തീരദേശ റോഡ് മാത്രമാണ്. നിരവധി കുടുംബങ്ങള്‍ നിരത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. തെക്കന്‍ ഗസയിലെ അല്‍മവാസിയിലേക്കാണ് ജനങ്ങള്‍ നീങ്ങുന്നത്. ഇന്നലെ മാത്രം രണ്ടു ലക്ഷം പേരാണ് ഗസ സിറ്റി വിട്ടത്. വടക്കന്‍ ഗസയില്‍ ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കാനാണ് സൈനിക നടപടിയെന്നാണ് ഇസ്രയേലിൻ്റെ വാദം.

ഇതിനിടെ, ഗസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തിയെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതാദ്യമായാണ് ഐക്യരാഷ്ട്ര ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് കെട്ടച്ചമച്ചതും വ്യാജവുമാണെന്നായിരുന്നു ഇസ്രയേലിൻ്റെ പ്രതികരണം. ഇതിനിടെ ഹൂതികളെ ലക്ഷ്യമിട്ട് യെമനിലെ ഹൊദയ്ദ തുറമുഖത്ത് ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഗസയിലെ വംശഹത്യയില്‍ പ്രതിഷേധിച്ച് ചെങ്കടലില്‍ ഹൂതികളുടെ മിസൈല്‍ ആക്രമണം നടക്കുന്നതിനിടെയാണ് ഇസ്രയേലിൻ്റെ ഡ്രോണ്‍ ആക്രമണം.

Be the first to comment

Leave a Reply

Your email address will not be published.


*