ആലപ്പുഴ: മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിന്റെ പേര് ആലപ്പുഴ നഗരസഭയിലെ കിടങ്ങാപറമ്പ് വാർഡിലെ വോട്ടർ പട്ടികയിൽ നിന്നു നീക്കാൻ തീരുമാനം. അന്തിമ വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തുന്നതിനു മുന്നോടിയായി നടന്ന ഹിയറിങ്ങിലാണ് നടപടി. വ്യാഴാഴ്ചത്തെ ഹിയറിങിൽ പങ്കെടുക്കാൻ ഐസക്കിനു നോട്ടീസ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. തെരഞ്ഞെടുപ്പു വിഭാഗം ഉദ്യോഗസ്ഥരുടെ ഓഫീസ് മേൽവിലാസത്തിൽ ചേർത്തു പേരാണു നീക്കുക. ഇതോടെ ഇരട്ട വോട്ടുൾപ്പെടെയുള്ള ആരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും വിരാമമായേക്കും.
കരടു പട്ടിക പ്രസിദ്ധപ്പെടുത്തിയപ്പോൾ ഐസക്കിന്റെ പേര് ഉൾപ്പെടുത്തിയതിനെതിരെ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിരുന്നു. ആലപ്പുഴയിൽ ഇല്ലാത്തയാളെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നായിരുന്നു ആരോപണം. എന്നാൽ അന്തിമ പട്ടികയിലും ഐസക്കിന്റെ പേര് വന്നതോടെ സംഭവം വീണ്ടും വിവാദമായി.
വോട്ടർമാർക്കു ഒൻപതക്ക സവിശേഷ തിരിച്ചറിയൽ നമ്പർ നൽകാൻ തീരുമാനിച്ചതോടെ അന്തിമ പട്ടിക വീണ്ടും കരടു പട്ടികയായി പുറത്തിറക്കി. അക്കൂട്ടത്തിൽ ഐസക്കിനും തിരിച്ചറിയൽ നമ്പർ നൽകി. ഇതോടെ മഹിളാ കോൺഗ്രസ് തത്തംപള്ളി മണ്ഡലം പ്രസിഡന്റ് ശ്രീലത പരാതി നൽകുകയായിരുന്നു. ഹിയറിങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി ജോസഫും ഹാജരായി.
ഈ മാസം 25നു അന്തിമ വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തും. ജില്ലയിൽ 41,739 പേരാണ് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിച്ചിട്ടുള്ളത്.



Be the first to comment