‘മുഖ്യമന്ത്രി പോറ്റിയെ കണ്ടത് തെളിഞ്ഞു,സോണിയ പോറ്റി കണ്ടത് എന്തിനാണെന്ന് പറയാൻ കോണ്‍ഗ്രസിന് ആര്‍ജ്ജവമുണ്ടോ?’

ശബരിമല സ്വര്‍ണ്ണകൊള്ള കേസിലെ പ്രതി ഉണ്ണിക്യഷ്ണന്‍ പോറ്റി മുഖ്യമന്ത്രിയെ കണ്ടത് ഏത് സാഹചര്യത്തിലാണെന്ന് തെളിഞ്ഞുവെന്നും സോണിയാ ഗാന്ധിയെ പോറ്റി കണ്ടത് എന്തിനാണെന്ന് പുറത്തുപറയാന്‍ കോണ്‍ഗ്രസിന് ആര്‍ജ്ജവമുണ്ടോയെന്നും മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചു.

സെക്രട്ടറിയേറ്റിലെ പോര്‍ട്ടിക്കോയില്‍ വെച്ചാണ് ഉണ്ണിക്യഷ്ണന്‍ പോറ്റിയെ കണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെന്നും ശിവൻകുട്ടി പറഞ്ഞു. പോലീസിന് ആംബുലന്‍സ് കൈമാറുന്ന പരസ്യമായ ഒരു ചടങ്ങായിരുന്നു അത്. ആ ദൃശ്യങ്ങള്‍ നിന്ന് സൗകര്യപൂര്‍വ്വം ചില ഭാഗങ്ങള്‍ മാത്രം കട്ട് ചെയ്‌തെടുത്തത്. വ്യാജമായ കഥകള്‍ മെനഞ്ഞ് പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നതെന്നും ശിവന്‍കുട്ടി ആരോപിച്ചു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇറങ്ങിത്തിരിച്ചവരുടെ കയ്യിലിരുപ്പ് വ്യക്തമാക്കുന്നതാണ് ഈ ഫോട്ടോഷോപ്പ് രാഷ്ട്രീയമെന്നും നുണകൾ കൊണ്ട് കോട്ട കെട്ടാൻ നോക്കുന്നവർ, അത് ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുമെന്ന് ഓർക്കുന്നത് നന്ന്. സത്യം ജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

വ്യാജ നിർമ്മിതികൾ കൊണ്ട് സത്യത്തെ മറയ്ക്കാനാവില്ല; കോൺഗ്രസിന്റെ ‘നുണ ഫാക്ടറി’യ്ക്കുള്ള മറുപടി.ശബരിമല സ്വർണ്ണപ്പാളി കടത്ത് കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ സെക്രട്ടറിയേറ്റിലെ പോർട്ടിക്കോയിൽ വെച്ചാണ് കണ്ടതെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ കൃത്യമായി വ്യക്തമാക്കിയിരുന്നതാണ്. ശബരിമലയിലെ ആവശ്യത്തിനായി പോലീസിന് ഒരു ആംബുലൻസ് കൈമാറുന്ന പരസ്യമായ ഒരു ചടങ്ങായിരുന്നു അത്.

എന്നാൽ, ആ ചടങ്ങിലെ ദൃശ്യങ്ങളിൽ നിന്ന് സൗകര്യപൂർവ്വം ചില ഭാഗങ്ങൾ മാത്രം കട്ട് ചെയ്തെടുത്ത്, വ്യാജമായ കഥകൾ മെനഞ്ഞ് പ്രചരിപ്പിക്കാനാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇറങ്ങിത്തിരിച്ചവരുടെ കയ്യിലിരുപ്പ് വ്യക്തമാക്കുന്നതാണ് ഈ ഫോട്ടോഷോപ്പ് രാഷ്ട്രീയം. ആ ചടങ്ങിലെ യഥാർത്ഥ ദൃശ്യങ്ങൾ ആർക്കും പരിശോധിക്കാവുന്നതേയുള്ളൂ.

ഇനി കോൺഗ്രസ് നേതാക്കളോട് ഒരു മറുചോദ്യം. മറ്റുള്ളവർക്ക് നേരെ വിരൽ ചൂണ്ടുന്നതിന് മുൻപ്, സ്വന്തം നേതൃത്വത്തിലേക്ക് ഒന്ന് നോക്കുന്നത് നന്നായിരിക്കും. ശ്രീമതി സോണിയാ ഗാന്ധിയുമായി ഇതേ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ കൂടിക്കാഴ്ചയുടെ വിശദ വിവരങ്ങൾ പുറത്തുവിടാനുള്ള ആർജ്ജവം കോൺഗ്രസിനുണ്ടോ? എന്തായിരുന്നു ആ കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്ന് ജനങ്ങളോട് പറയാൻ തയ്യാറുണ്ടോ? നുണകൾ കൊണ്ട് കോട്ട കെട്ടാൻ നോക്കുന്നവർ, അത് ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുമെന്ന് ഓർക്കുന്നത് നന്ന്. സത്യം ജയിക്കുക തന്നെ ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*