ജനനായകന് തിരിച്ചടി; റിലീസ് വൈകും, സിംഗിൾ ബെഞ്ച് വിധി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു

വിജയ് നായകനായ ചിത്രം ജനനായകന്റെ റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ. റിലീസിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സെൻസർ ബോർഡിന്റെ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.ചീഫ് ജസ്റ്റിസ് എം എം ശ്രീവാസ്തവ, ജസ്റ്റിസ് ജി അരുൾ മുരുകൻ എന്നിവർ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്.മറുപടി നൽകാൻ സാവകാശം നൽകിയില്ലെന്ന് സെൻസർ ബോർഡ് വ്യക്തമാക്കി. എന്നാൽ അടിയന്തര പ്രാധാന്യത്തോടെ പരിഗണിയ്ക്കേണ്ട കേസ് അല്ല ഇതെന്നാണ് ചീഫ് ജസ്റ്റിസ് എം എം ശ്രീവാസ്തവ അഭിപ്രായപ്പെട്ടത്. കേസ് 21ന് വീണ്ടും പരിഗണിയ്ക്കും.

സെൻസർ ബോർഡിനെ രൂക്ഷമായി വിമർശിച്ച് ഇന്ന് രാവിലെയാണ് സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് പി ടി ആശ ഉത്തരവിട്ടത്. പിന്നാലെ, സെൻസർ ബോർഡ് ചീഫ് ജസ്റ്റിസ് എം എം ശ്രീവാസ്തവയുടെ ബെഞ്ചിൽ അപ്പീൽ നൽകി. കേസ് പരിഗണിച്ച ബെഞ്ച് നിർമാതാക്കളെയും ജസ്റ്റിസ് പി ടി ആശയെയും വിമർശിച്ചു. നിർമാതാക്കളുടെ വാദത്തിനെതിരായ അഫിഡവിറ്റ് സമർപ്പിയ്ക്കാൻ കോടതി അനുവദിച്ചില്ലെന്നും ഏകപക്ഷീയമായി വിധി പുറപ്പെടുവിച്ചുവെന്നും സെൻസർ ബോർഡിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.

സെൻസർ ബോർഡ് ചെയർപേഴ്സൺ ജനുവരി ആറിനാണ്, ചിത്രം റിവൈസിങ് കമ്മിറ്റിയ്ക്ക് വിട്ടതെന്നും ഇത് ചെയർപേഴ്സന്റെ അധികാരപരിധിയിൽ വരില്ലെന്നും കെവിഎൻ പ്രൊഡക്ഷൻസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുഗുൾ രോത്തഗിയും വാദിച്ചു. സെൻസർ സർട്ടിഫിക്കറ്റ് ഇല്ലാതെ എങ്ങനെ ഒരു സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചുവെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. മാത്രമല്ല, സെൻസർ ബോർഡിന്റെ മറുപടി കേൾക്കാതെ, വിധി പുറപ്പെടുവിക്കാൻ സിംഗിൾ ബെഞ്ചിന് എങ്ങനെ കഴിഞ്ഞുവെന്നും കോടതി വിമർശിച്ചു. പതിനഞ്ച് ദിവസം കഴിഞ്ഞ് ചിത്രം റിലീസ് എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു. തുടർന്നാണ് സിംഗിൾ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്ത് ഉത്തരവിറക്കിയത്.

അതേസമയം, വിവാദങ്ങൾക്കിടെ ശിവകാർത്തികേയൻ ചിത്രം പരാശക്തിക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകി. യുഎ 16+ സർട്ടിഫിക്കറ്റാണ് അനുവദിച്ചത്. നേരത്തെ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് അനുവദിയ്ക്കാത്തതിനെ തുടർന്ന് നിർമാതാക്കൾ റിവൈസിങ് കമ്മിറ്റിയെ സമീപിയ്ക്കാൻ ഒരുങ്ങിയിരുന്നു. അതിനിടെയാണ് സർട്ടിഫിക്കറ്റ് അനുവദിച്ചത്. നാളെയാണ് ചിത്രത്തിന്റെ റിലീസ്. തമിഴ് നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം പ്രമേയമാക്കിയ ചിത്രത്തിന്റെ വിതരണം ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മകൻ ഇൻപനിധിയുടെ റെഡ് ജയന്റ് മൂവിസാണ് നടത്തുക.

Be the first to comment

Leave a Reply

Your email address will not be published.


*