ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു

അധികാരത്തിലേറി ഒരു വര്‍ഷം പോലും തികയുന്നതിന് മുന്‍പ് താന്‍ ജപ്പാന്‍ പ്രധാനമന്ത്രി പദം രാജിവയ്ക്കുകയാണെന്ന് അറിയിച്ച് ഷിഗെരു ഇഷിബ. ജപ്പാനില്‍ നടന്ന പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയ്ക്കുണ്ടായ പരാജയവും പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതകളും കണക്കിലെടുത്താണ് ഷിഗെരുവിന്റെ രാജി. തിരഞ്ഞെടുപ്പ് തോല്‍വിയോടെ തന്റെ നേതൃത്വത്തിന്‍ കീഴില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം അസ്വസ്ഥരാണെന്നും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എല്‍ഡിപി) ഒരു പിളര്‍പ്പിലേക്ക് പോകാതിരിക്കാനാണ് രാജി വയ്ക്കുന്നതെന്നും ഷിഗെരു ഇഷിബ മാധ്യമങ്ങളോട് പറഞ്ഞു.

എല്‍ഡിപിയാണ് ജപ്പാനെ ഏഴ് പതിറ്റാണ്ടുകളോളമായി ഭരിച്ചുവരുന്നത്. സഭയിലേക്കുള്ള ഒരു നിര്‍ണായക തിരഞ്ഞെടുപ്പില്‍ എല്‍ഡിപി 15 വര്‍ഷത്തിലാദ്യമായി തോല്‍വി ഏറ്റുവാങ്ങിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്‌ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയുയര്‍ന്നത് അതിരൂക്ഷ വിമര്‍ശനമായിരുന്നു. പാര്‍ട്ടിക്കുള്ളിലെ അസംതൃപ്തരായ എംപിമാര്‍ ഷിഗെരുവിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നേക്കുമെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരമൊരു സാഹചര്യത്തെ ഒഴിവാക്കാന്‍ ജപ്പനീസ് മുന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗയയ ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ ഷിഗെരുവുമായി നേരിട്ട് സംസാരിക്കുകയും സ്വമേധയാ രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അമേരിക്കയുടെ അധികച്ചുങ്കനയത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാന്‍- അമേരിക്ക സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി വരുന്നതിനിടെ കൂടിയാണ് പ്രധാനമന്ത്രിയുടെ രാജി. കഴിഞ്ഞ ആഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജാപ്പനീസ് കാറുകളുടെ തീരുവ 27.5% ല്‍ നിന്ന് 15% ആയി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് പ്രതിസന്ധിയിലായ ജപ്പാന് പ്രതീക്ഷ നല്‍കുന്നുണ്ടെന്നും ഇതാണ് രാജിവച്ചൊഴിയാന്‍ അനുയോജ്യമായ സമയമെന്ന് താന്‍ കരുതുന്നതായും ഷിഗെരു ഇഷിബ മാധ്യമങ്ങളോട് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*