സാധാരണക്കാരന്റെ കുഞ്ഞുങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ഇവിടെ വിലയില്ലേ? മകള്‍ക്ക് നീതി വേണം; ജാസ്‌ലിയയുടെ കുടുംബം

എറണാകുളം അങ്കമാലിയില്‍ വിദ്യാര്‍ത്ഥി ജാസ്‌ലിയ ജോണ്‍സണ്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മരിച്ച ജാസ്‌ലിയയുടെ കുടുംബം. ആറ് ദിവസമായി അപകടം നടന്നിട്ടെന്നും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും കുടുംബം വിമര്‍ശിച്ചു. സാങ്കേതിക വിദ്യ ഇത്രയധികം വളര്‍ന്നിട്ടും പ്രതിയെ പിടികൂടാന്‍ എന്താണ് ഇത്ര താമസമെന്നും കുടുംബം ചോദിക്കുന്നു. പോലീസ് ഒത്തുകളിക്കുന്നു എന്നാണ് കുടുംബത്തിന്റെയും ബന്ധുകളുടെയും ആരോപണം.

പ്രാര്‍ഥിച്ചവര്‍ക്ക് നന്ദി. ആറ് ദിവസം ആയി അപകടം നടന്നിട്ട്. പ്രതികളെ പിടികൂടിയിട്ടില്ല. പ്രതി ഡോക്ടര്‍ ആണ്. സാധാരണകാരന്റെ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങള്‍ക്ക് വിലയില്ലേ. പാവം കുഞ്ഞായിരുന്നു. ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു. എന്റെ മകള്‍ക്ക് നീതി കിട്ടണം. വാഹനം നിര്‍ത്തി ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ രക്ഷപ്പെട്ടെനേ – ജാസ്ലിയയുടെ അമ്മ പറഞ്ഞു.

ആരും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നും കുടുംബം പറയുന്നു. അന്വേഷണത്തിന് പോലും വന്നിട്ടില്ലെന്നും വ്യക്തമാക്കി. എന്റെ മകളാണ് നടഷ്ടപ്പെട്ടത്. എത്ര വാത്സല്യത്തോടെ വളര്‍ത്തിയ കുഞ്ഞാണ് – അച്ഛന്‍ പറയുന്നു. പണം മാത്രം മതിയോ. ആള്‍ക്കാരുടെ ജീവന് വിലയില്ലേയെന്നാണ് കുടുംബത്തിന്റെ ചോദ്യം.

ഫെബ്രുവരി 28നാണ് ജാസ്ലിയയെ മഹീന്ദ്ര XUV 700 എന്ന ഡോ സിറിയക് പി ജോര്‍ജ് ഓടിച്ചിരുന്ന വാഹനം ഇടിച്ച് തെറിപ്പിക്കുന്നത്. അപകടം നടന്ന് 6 ദിവസം കഴിഞ്ഞിട്ടും പ്രതി ഒളിവില്‍ തന്നെയാണ്. ഇന്നലെ സിറിയക്കിന്റെ കോട്ടയത്തെ വീട്ടിലും, ഇടുക്കിയിലെ ബന്ധുവീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു.

എന്നാല്‍ പ്രതിയെക്കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല. നിലവില്‍ സിറിയക്കിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. പ്രതി വിദേശത്തേയ്ക്ക് കടക്കാന്‍ സാധ്യത ഉണ്ടെന്ന് കണ്ടാണ് ഡോ. സിറിയക്കിനായി പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയത്. ആലുവ DYSP യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെയും രൂപീകരിച്ചിട്ടുണ്ട് .

എന്നാല്‍, വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. അതേസമയം മുന്‍കൂര്‍ ജാമ്യം തേടി സിറിയക് കോട്ടയം സെഷന്‍സ് കോടതിയെ സമീപിച്ചു. എന്നാല്‍ ജാമ്യത്തെ എതിര്‍ക്കുമെന്നും പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ആവശ്യപ്പെടുമെന്നും പോലീസ് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*